ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ കിനാലൂരില്‍ സമരം ശക്തമാകുന്നു
അഞ്ച് ജില്ലകളിലെ ആശുപത്രി മാലിന്യം സംസ്‌കരിക്കാനുള്ള പ്ലാന്റാണ് കിനാലൂര്‍ വ്യവസായ പാര്‍ക്കില്‍ സ്വകാര്യ കമ്പനി സ്ഥാപിക്കുന്നത്.
കിനാലൂര്‍ വ്യവസായ പാര്‍ക്കില്‍ തുടങ്ങുന്ന ആശുപത്രി മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരെ സമരം ശക്തമാകുന്നു. പോലീസ് സംരക്ഷണത്തില്‍ പ്‌ളാന്റ് നിര്‍മാണം തുടങ്ങാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം ചെറുക്കാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം. സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി റോഡ് ഉപരോധമടക്കമുള്ള സമരത്തിലേക്ക് കടന്നിരിക്കുകയാണ് സമരസമിതി.
അഞ്ച് ജില്ലകളിലെ ആശുപത്രി മാലിന്യം സംസ്‌കരിക്കാനുള്ള പ്ലാന്റാണ് കിനാലൂര്‍ വ്യവസായ പാര്‍ക്കില്‍ സ്വകാര്യ കമ്പനി സ്ഥാപിക്കുന്നത്. നേരത്തെ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് കമ്പനി കോടതിയെ സമീപിച്ചത്. കോടതി ഉത്തരവോടെ പോലീസ് സംരക്ഷണയില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കമ്പനിയുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. പോലീസിനെയും കമ്പനിയധികൃതരെയും വ്യവസായ പാര്‍ക്കിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
മാലിന്യ സംസ്‌കരണ പ്‌ളാന്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോപണം. വ്യവസായ പാര്‍ക്കിലേക്കുള്ള റോഡില്‍ പന്തല്‍ കെട്ടിയാണ് സമരം പുരോഗമിക്കുന്നത്.