'സിപിഎം പരസ്യം നൽകിയത് ബിജെപിയെ സഹായിക്കാൻ, സമസ്തയുടെ നിലപാട് സ്വാഗതാർഹം'- ഷാഫി പറമ്പിൽ
"സിപിഎമ്മിനെ ഓന്തുമായി താരതമ്യം ചെയ്താൽ ഓന്ത് എനിക്കെതിരെ കേസ് കൊടുക്കും"
പാലക്കാട്: പാലക്കാട്ടെ പരസ്യവിവാദത്തിൽ യുഡിഎഫ് നിയമപരമായ മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പിൽ എംപി. സമൂഹത്തെ ഭിന്നിപ്പിക്കും എന്നറിഞ്ഞിട്ട് തന്നെയാണ് സിപിഎം പരസ്യം നൽകിയതെന്നും ബിജെപിയെ സഹായിക്കുകയായിരുന്നു ലക്ഷ്യമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഷാഫിയുടെ വാക്കുകൾ:
"പരസ്യം സമൂഹത്തെ ഭിന്നിപ്പിക്കും എന്നറിഞ്ഞിട്ട് തന്നെയല്ലേ സിപിഎം നൽകിയത്. അതും രണ്ട് പത്രങ്ങൾ മാത്രം തെരഞ്ഞെടുത്ത്. ആ രണ്ട് പത്രങ്ങളുടെ വായനക്കാരെ സംബന്ധിച്ച് എന്താ സിപിഎം മനസ്സിൽ കൊണ്ടുനടക്കുന്നത്. അവരുടെ രാഷ്ട്രീയബോധത്തെ വിലകുറച്ച് കാണുകയാണോ സിപിഎം? ഇങ്ങനൊരു പരസ്യം കണ്ടാലുടൻ വിഭാഗീയ ചിന്തകൾക്ക് പിന്നാലെ ജനം പോകുമെന്നാണോ സിപിഎം കരുതുന്നത്?
വ്യക്തിപരമായി നല്ലൊരു മനുഷ്യൻ, ആർഎസ്എസുമായി സമരസപ്പെട്ട് പോകാവുന്ന ആളല്ല എന്നൊക്കെയാണ് എ.കെ ബാലൻ സന്ദീപ് വാര്യരെ കുറിച്ച് പറഞ്ഞത്. എതിർചേരിയിലുള്ളവരെ മനംമാറ്റി കൊണ്ടുവരികയല്ലേ ഞങ്ങളുടെ ലക്ഷ്യം എന്ന് ചോദിച്ചത് എം.ബി രാജേഷും. ഇന്ന് സരിന്റെ പരസ്യത്തോടെ ഇറങ്ങിയ പത്രങ്ങൾ ഫ്‌ളക്‌സടിച്ച് ഇവരുടെ രണ്ട് പേരുടെയും വീടിന് മുന്നിൽ വയ്ക്കണം. സന്ദീപ് ക്രിസ്റ്റൽ ക്ലിയർ കോമ്രേഡ് ആയി മാറും എന്നായിരുന്നല്ലോ സിപിഎമ്മിന്റെ വാദം. ഇതുപോലെ നിറം മാറുന്ന സിപിഎമ്മിനെ ഓന്തുമായി താരതമ്യം ചെയ്താൽ ഓന്ത് എനിക്കെതിരെ കേസ് കൊടുക്കും.
വിദ്വേഷം ജനിപ്പിക്കുന്ന പരസ്യങ്ങൾ കൊടുക്കുന്നതേ തെറ്റ്, അപ്പോൾ അതിന് അനുമതി കൂടി ഇല്ല എന്ന് പറയുമ്പോൾ വെറുതെ ഇരിക്കാനാവില്ല. യുഡിഎഫ് വിഷയത്തെ നിയമപരമായി നേരിടും. പരാതി ഇന്ന് തന്നെ ഫയൽ ചെയ്യും. കാഫിർ വിഷയത്തിൽ നിന്നെങ്കിലും സിപിഎം പാഠം പഠിക്കുമെന്ന് കരുതി. അത് പക്ഷേ തെറ്റായിപ്പോയി. അതിന്റെ പ്രിന്റ് ചെയ്ത വേർഷൻ ആണിത്. സ്‌ക്രീൻഷോട്ടിൽ പലതും തന്നെ വ്യാജമാണെന്നും അറിയുന്നുണ്ട്. ബിജെപിയെ സഹായിക്കാൻ സിപിഎം കൊടുത്ത പരസ്യമാണിത്. തെരഞ്ഞെടുപ്പ് തലേന്ന് പോലും ബിജെപിയെ സഹായിക്കാനാണ് അവരുടെ ശ്രമം".