നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറപ്പെടുവിക്കും
വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 29-വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 29-വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പിന് 26 ദിവസം ബാക്കിനില്‍ക്കേ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചരണ രംഗത്ത് കൂടുതല്‍ സജീവമായി. വരും ദിവസങ്ങളില്‍ കേന്ദ്ര നേതാക്കളും താരങ്ങളും സംസ്ഥാനത്തിറങ്ങും.
ഏപ്രില്‍ 22-നാണ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുക. നാളെ മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 29 വരെ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഉണ്ടങ്കിലും ഏപ്രില്‍ 24-ഞായറാഴ്ച ആയതിനാല്‍ നോമിനേഷന്‍ സ്വീകരിക്കില്ല. മുപ്പതിനാണ് സൂക്ഷ്മ പരിശോധന. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ടാണ്. മെയ് പതിനാറിന് വോട്ടെടുപ്പും 19-ന് ഫലപ്രഖ്യാപനവും നടക്കും.
തിരഞ്ഞെടുപ്പ് തീയതി അടുത്ത് വന്നതോടെ മണ്ഡലങ്ങളില്‍ വീറും വാശിയും ഏറിയിട്ടുണ്ട്. പരമാവധി വോട്ടര്‍മ്മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
അടുത്ത ഘട്ടത്തില്‍ വിവാദങ്ങള്‍ക്കൊപ്പം പ്രകടന പത്രികയില്‍ ഊന്നിയുള്ള പ്രചരണങ്ങളാകും നടക്കുക. പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ തീരുമാനം ചൂണ്ടിക്കാട്ടി മദ്യനയം പൊള്ളയാണന്ന് സ്ഥാപിക്കുകയാണ് പ്രതിപക്ഷം. വി.എസ് അച്യുതാനന്ദനെതിരെയുള്ള പിണറായി വിജയന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാവും വരും ദിവസങ്ങളില്‍ യുഡിഎഫ് വോട്ടര്‍മാര്‍ക്കിടയില്‍ ഇറങ്ങുക.
പ്രചരണരംഗം പാതി പിന്നിട്ടപ്പോള്‍ അക്കൌണ്ട് തുറക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. ചെറു പാര്‍ട്ടികളും ശക്തിതെളിയിക്കാനുള്ള ഒരുക്കത്തിലാണ്.