തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണം: വിജിലന്‍സ് നിയമലംഘനം കണ്ടെത്തിയെന്ന് സൂചന
തോമസ് ചാണ്ടി നിയമം ലംഘിച്ചതായി വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന.
തോമസ് ചാണ്ടി നിയമം ലംഘിച്ചതായി വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന. നാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ചാണ്
വിജിലന്‍സ് നിയമ ലംഘനം നടന്നതായി കണ്ടെത്തിയത്.
വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന് കാട്ടി അഡ്വക്കേറ്റ് സുഭാഷ് നല്‍കിയ പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി രണ്ട് മാസം മുന്‍പ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ തോമസ് ചാണ്ടി ക്രമക്കേട് നടത്തിയതായി കണ്ടെത്തിയെന്നാണ് സൂചന. റോഡ് നിര്‍മ്മാണത്തിനായി നെല്‍വയലും നിലവും നികത്തിയെന്നും പദ്ധതിയിലൂടെ ഖജനാവിന് നഷ്ടമുണ്ടായെന്നും ജില്ല കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് ഈ നിഗമനത്തിലേക്ക് വിജിലന്‍സ് എത്തിയത്. ഒപ്പം പരാതിക്കാരനില്‍ നിന്നും
വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുത്തു.
കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് ഈ റിപ്പോര്‍ട്ട് കൈമാറിയിരുന്നെങ്കിലും ചിലരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചയച്ചിരുന്നു. മുന്‍ ആലപ്പുഴ ജില്ല കലക്ടര്‍ അടക്കമുള്ളവരുടെ മൊഴിയാണ് അന്ന് എടുക്കാതിരുന്നത്. നാളെ കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ അപാകതകളെല്ലാം പരിഹരിച്ചാകും റിപ്പോര്‍ട്ട് നല്‍കുക.
റിപ്പോര്‍ട്ട് എതിരായാല്‍ തോമസ് ചാണ്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടേക്കും. തോമസ് ചാണ്ടി നടത്തിയ മറ്റ് കയ്യേറ്റങ്ങളുമായി ബന്ധിപ്പിക്കാതെ പ്രത്യേക കേസായി പരിഗണിക്കണമെന്ന പരാതിക്കാരന്റെ ആവശ്യം
കോടതി നേരത്തെ അംഗീകരിച്ചിരുന്നു.