എട്ടും പത്തും തവണ മല്‍സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പോലും മാറിനില്‍ക്കുന്നില്ല: ടി എന്‍ പ്രതാപന്‍
തെരഞ്ഞെടുപ്പില്‍ എട്ടും പത്തും തവണ മല്‍സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പോലും മാറിനില്‍ക്കാന്‍ തയ്യാറാകുന്നില്ലെന്ന് കെപിസിസി എക്സിക്യുട്ടീവ് അംഗം ടി എന്‍ പ്രതാപന്‍.
തെരഞ്ഞെടുപ്പില്‍ എട്ടും പത്തും തവണ മല്‍സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പോലും മാറിനില്‍ക്കാന്‍ തയ്യാറാകുന്നില്ലെന്ന് കെപിസിസി എക്സിക്യുട്ടീവ് അംഗം ടി എന്‍ പ്രതാപന്‍. തന്നെ തകര്‍ക്കാനായി ചിലര്‍ പിറകെ കൂടിയിട്ടുണ്ടെന്നും മൂല്യങ്ങള്‍ ബലികഴിച്ചുള്ള നീക്കുപോക്കിന് തയ്യാറല്ലെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. രിസാല വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പ്രതാപന്റെ വിമര്‍ശം.
നിയമസഭയിലേക്ക് ഒരു അവസരം ലഭിക്കാത്ത മിടുക്കരായ ഒട്ടേറെ പേര്‍ കോണ്‍ഗ്രസിലുണ്ട്. എട്ടും പത്തും തവണ മല്‍സരിച്ചവര്‍ പോലും മറ്റുള്ളവര്‍ക്ക് അവസരം നല്‍കാനായി മാറി നില്‍ക്കാന്‍ തയ്യാറല്ല. ഇത്തവണ ആര്യാടന്‍ മുഹമ്മദ് മാത്രമാണ് അതിന് തയ്യാറായത്. അത് പോലും സ്വന്തം മകന് വേണ്ടിയാണെന്നെന്നും ടി എന്‍ പ്രതാപന്‍ അഭിമുഖത്തില്‍ പറയുന്നു.
സീറ്റ് ചോദിച്ച് രാഹുല്‍ ഗാന്ധിക്ക് താന്‍ കത്തെഴുതിയെന്ന് പ്രചരിപ്പിച്ചവര്‍ തന്റെ നാശം ആഗ്രഹിക്കുന്നവരാണ്. താന്‍ നിയമസഭയിലെത്തരുതെന്ന് ആഗ്രഹിക്കുന്ന ഇക്കൂട്ടരുടെ പിറകില്‍ മദ്യലോബിയാണ്. ചിലരുടെയെല്ലാം കണ്ണിലെ കരടായി എംഎല്‍എ ആകുന്നതിനേക്കാള്‍ നല്ലത് ജനങ്ങള്‍ക്കിടയില്‍ ഒരു മണ്‍തരിയാകുന്നതാണ്. തന്നെ ഇല്ലാതാക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരും യുവനേതാക്കളും പിന്നാലെ കൂടിയിട്ടുണ്ടെന്നും പ്രതാപന്‍ പറയുന്നു.
ഗോവധ നിരോധനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ നിലപാട് എടുക്കണമായിരുന്നു. ശക്തമായ നിലപാട് എടുക്കാത്തത് കൊണ്ട് ന്യൂനപക്ഷങ്ങളിലുണ്ടായ സംശയമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത്. മൂല്യങ്ങളെ ബലികഴിച്ച് ഒരു രാഷ്ട്രീയ നീക്കുപോക്കിനും താന്‍ തയ്യാറല്ല. അതുകൊണ്ടാണ് മെത്രാന്‍ കായല്‍ വിഷയത്തിലും സന്തോഷ് മാധവന് ഭൂമി കൊടുത്ത വിഷയത്തിലും ഇടപെട്ടതെന്നും അഭിമുഖത്തില്‍ ടി എന്‍ പ്രാപന്‍ പറയുന്നുണ്ട്.