കൊല്ലത്ത് വെടിക്കെട്ട് ദുരന്തം: 105 മരണം
കമ്പപ്പുരയ്ക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണം
-
105 പേര്‍ മരിച്ചതായി ആഭ്യന്തരവകുപ്പിന്റെ സ്ഥിരീകരണം
-
538 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍
-
പലരുടെയും നില ഗുരുതരം
-
മരണസംഖ്യ ഉയരാന്‍ സാധ്യത
-
കമ്പപ്പുരയും ദേവസ്വം ബോര്‍ഡ് കെട്ടിടവും പൂര്‍ണമായും തകര്‍ന്നു
-
അപകടം പുലര്‍ച്ചെ 3.30 ഓടെ
-
രക്ഷാപ്രവര്‍ത്തനം വൈകിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടി
-
പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍
-
സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തിക്കും തിരക്കും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു
-
അന്വേഷണത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനം എടുക്കും
-
പ്രത്യേക മന്ത്രിസഭായോഗം കൊല്ലത്ത്
-
രാഹുല്‍ ഗാന്ധി കേരളത്തിലെത്തും
-
അവശ്യമരുന്നുകളുമായി കൊച്ചി നേവിയുടെ പ്രത്യേക കപ്പല്‍ കൊല്ലത്ത്
നാടിനെ നടുക്കി കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. 105 പേര്‍ മരിച്ചതായാണ് അവസാനം ലഭിക്കുന്ന വിവരം. അപകടം നടക്കുമ്പോള്‍ 1000ത്തോളം പേര്‍ ഉത്സവത്തിന്റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍പ്പെട്ട പൊലീസുകാരന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സജി സെബാസ്റ്റ്യന്‍ എന്ന പൊലീസുകാരനാണ് മരിച്ചത്. ബിനു (പുഴീക്കര), സജീവ് (കരീപ്ര), സുഭാഷ് (കേവലക്കര), നസീര്‍ (കടയ്ക്കാവൂര്‍), അനില്‍ രാജ് (പരവൂര്‍), കാശിനാഥ് (ചാത്തന്നൂര്‍), വിജു(കടയ്ക്കല്‍), ഇല്യാസ്, പ്രദീപ് (പൂതക്കുളം), രജനി (പരവൂര്‍), ബാലചന്ദ്രന്‍(വാലുമ്മല്‍), അമ്പിളി ( ആറ്റിങ്ങല്‍) എന്നിവരെയാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്.
500 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പുലര്‍ച്ചെ മൂന്നരക്കായിരുന്നു അപകടം. കമ്പപ്പുരയ്ക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണം. വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയില്‍ വീണാണ് അപകടം. ദേവസ്വം ബോര്‍ഡിന്റെ ഓഫിസ് പൂര്‍ണമായും തകര്‍ന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം ചിതറിക്കിടക്കുകയാണ്. സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമിറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. രക്ഷാപ്രവര്‍ത്തനം വൈകിയതാണ് മരണസംഖ്യ കൂടാന്‍ കാരണമായത്.
ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് കമ്പപ്പുര. കോണ്‍ക്രീറ്റ് തൂണില്‍ ഓട് മേഞ്ഞതാണ് കെട്ടിടം. ശക്തമായ സ്ഫോടനത്തില്‍ കോണ്‍ക്രീറ്റും ഓടും ശരീരത്തില്‍ തറച്ചുകയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങളുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോട് ചേര്‍ന്ന് നിന്നവരാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യൂതി, ടെലഫോണ്‍ ബന്ധങ്ങളെല്ലാം തകരാറിലായിട്ടുണ്ട്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, ഹോളിക്രോസ് ആശുപത്രി എന്നിവിടിങ്ങള്‍ അടക്കം 13 ആശുപത്രിയിലായി പ്രവേശിപ്പിച്ചിരിക്കയാണ്. കണ്‍ട്രോള്‍ റൂം നമ്പര്‍: 0474 2512344. ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി.