സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു
സ്വകാര്യ മേഖലയില്‍ ഏകദേശം 30 ലക്ഷത്തോളം ചെലവുവരുന്ന കരള്‍മാറ്റ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്.
കേരള ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയിൽ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു.തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലാണ് മണിക്കൂറുകൾ നീണ്ട സങ്കീർണമായി ശസ്ത്രക്രിയ നടന്നത്. സ്വകാര്യ മേഖലയില്‍ ഏകദേശം 30 ലക്ഷത്തോളം ചെലവുവരുന്ന കരള്‍മാറ്റ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്.
മസ്തിഷ്‌ക മരണം സംഭവിച്ച പാറശാല, പരശുവയ്ക്കല്‍, സ്വദേശി 17 കാരനായ ധനീഷ് മോഹന്റെ കരളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പെരുമാതുറ സ്വദേശി ബഷീറിന് മാറ്റിവച്ചത്. ഈ മാസം ഇരുപതാം തീയതി നടന്ന ബൈക്കപകടത്തിലാണ് ധനീഷിന് ഗുരുതരമായ പരിക്കേറ്റത്. കൂട്ടുകാരനോടൊപ്പം ബൈക്കിന്‍റെ പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ധനീഷ് അപകടത്തിൽ സമീപത്തുണ്ടായിരുന്ന പോസ്റ്റില്‍ തലയിടിച്ച് വീഴുകയായിരുന്നു.
ഉടന്‍ തന്നെ പാറശാല താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ധനീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ധനീഷിന് തീവ്ര പരിചരണം നല്‍കിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു. മരണാന്തര അവയവദാന സാധ്യതകളെപ്പറ്റി മൃതസഞ്ജീവനിയിലെ ഉദ്യോഗസ്ഥര്‍ ധനീഷിന്റെ ബന്ധുക്കളോട് സംസാരിച്ചു. തുടർന്ന് ധനേഷിന്‍റെ അച്ഛൻ മോഹന്‍രാജും അമ്മ വിജയകുമാരിയും നിർണായക തീരുമാനമെടുത്തത് .
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേഷ്, ഡോ. സിന്ധു എന്നിവരുടെ നേതൃത്വത്തിലും കിംസ് ആശുപത്രിയിലെ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിൽ 50ഓളം പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ആറുമാസം മുൻപ് തന്നെ സജ്ജമാക്കിയിരുന്നു. രോഗിയുമായി
ചേര്‍ച്ചയുള്ള കരള്‍ ലഭിക്കാത്തതാണ് കരള്‍മാറ്റ ശസ്ത്രക്രിയ വൈകാന്‍ കാരണം. ധനേഷിന്റെ വൃക്കകളും ദാനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിയുക്ത മന്ത്രി കടകംപള്ളി സുരേന്ദ്രനും ധനേഷിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു.