തെരുവ് നാടകമാണെന്നറിയാതെ നാട്ടുകാര്‍ 'വില്ലന്മാരെ' പിടികൂടി പൊലീസിലേല്‍പ്പിച്ചു
തെരുവില്‍ നടന്നത് നാടകമാണന്ന് അറിയാതെ ശല്യക്കാരായ പൂവലന്‍മാരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
സ്ത്രീ പീഡനത്തിനെതിരെ പ്രതികരണം തേടി തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ തെരുവ് നാടകത്തിന് അപ്രതീക്ഷിത ക്ലൈമാക്‌സ്. തെരുവില്‍ നടന്നത് നാടകമാണന്ന് അറിയാതെ ശല്യക്കാരായ പൂവലന്‍മാരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഒടുവില്‍ പി കെ ബിജു എം പിയാണ് വിദ്യാര്‍ഥികളുടെ രക്ഷകനായത്.
അങ്ങനെ പൊലീസ് സ്‌റ്റേഷനും ഒരു നാടകത്തിന്റെ രംഗവേദിയായി. അവസാന രംഗത്തിന്റേതാണെന്ന് മാത്രം. ആദ്യ രംഗം തെരുവിലായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ പരിഭ്രാന്തരായി തെരുവിലെ ഒരു കടയില്‍ കയറി. കടയുടമ പകച്ചു പോയി.. പിന്നാലെ വരുന്ന ആണ്‍കുട്ടിയെ പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി... പൊതുജനത്തിന്റെ പ്രതികരണം അറിയുകയായിരുന്നു ആദ്യരംഗത്തിന്റെ ലക്ഷ്യം...
പക്ഷേ കാര്യങ്ങള്‍ കൈവിട്ട് പോയി. നായകന്‍ വില്ലനായി.... നാട്ടുകാരെല്ലാം നായകന്മാരായി... നാടകമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും നാട്ടുകാര്‍ ചെവിക്കൊണ്ടില്ല. കഥയും തിരക്കഥയും നാട്ടുകാര്‍ കൈയേറിയ അവസ്ഥയായി. നടനെ നാട്ടുകാര്‍ പിടികൂടി. ഒടുവില്‍ പൊലീസെത്തി...വിദ്യാര്‍ഥിനികളും കസ്റ്റഡിയിലായി.
പി കെ ബിജു എം പി സ്‌റ്റേഷനിലെത്തിയില്ലെങ്കില്‍ ക്ലൈമാക്‌സ് മറ്റൊന്നായേനെ.. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ജോണ്‍ മത്തായി സെന്ററില്‍ പെട്ട പെണ്‍കുട്ടികളെ ശല്യം ചെയ്ത സാമൂഹ്യ വിരുദ്ധരെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് പിന്നീട് ഇവരെ വിട്ടയച്ചിരുന്നു. ഈ നടപടിക്കെതിരായ പ്രതിഷേധം അയതുകൊണ്ടുകൂടിയാണ് പൊലീസ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം...