ഡിഫ്ത്തീരിയ പ്രതിരോധ വാക്സിന്‍ എത്തിയില്ല; പ്രതിരോധ ക്യാമ്പുകള്‍ ഇന്നും മുടങ്ങും
കഴിഞ്ഞ ശനിയാഴ്ച രണ്ട് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വാക്സിന്‍ എത്താത്തത് ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഡിഫ്ത്തീരിയ പ്രതിരോധ വാക്സിന്‍ എത്തിയില്ല. മലപ്പുറം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ഇന്നലെ ജില്ലയില്‍ കൂടുതല്‍ വാക്സിന്‍ എത്തുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. വാക്സിന്‍ എത്താത്തതോടെ ഇന്നും ക്യാമ്പുകള്‍ മുടങ്ങും. രണ്ട് ദിവസത്തിനകം വാക്സിന്‍ എത്തുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ജി സുനില്‍ കുമാര്‍ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും മുന്നില്‍ വെച്ച കര്‍മ പരിപാടിയില്‍ ഊര്‍ജിത പ്രതിരോധ കുത്തിവെയ്പിന് തന്നെയായിരുന്നു മുന്‍ഗണന. ഡിഫ്ത്തീരിയ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ഹെല്‍ത്ത് ബ്ലോക്കുകളായ കൊണ്ടോട്ടി, വെട്ടം, നെടുവ, വളവന്നൂര്‍, ഓമാനൂര്‍ ഹെല്‍ത്ത് ബ്ലോക്കുകളിലെ സ്കൂളുകളുകളില്‍ ഈ മാസം എട്ട് മുതല്‍ 14 വരെ കുത്തിവെയ്പ് ക്യാമ്പുകള്‍ നടത്തുമെന്നായിരുന്നു തീരുമാനം. ഇതിന് പുറമെ കുറ്റിപ്പുറം, മങ്കട, വേങ്ങര ബ്ലോക്കുകളില്‍ കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞദിവസം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ജില്ലയില്‍ വാക്സിന്‍ കിട്ടാനില്ല. തിങ്കളാഴ്ചയോടെ മുപ്പതിനായിരം വാക്സിന്‍ എത്തുമെന്നായിരുന്നു ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകീട്ടും വാക്സിന്‍ എത്തിയില്ല. വാക്സിന് ക്ഷാമം നേരിട്ടതോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്.
20050 കുട്ടികളാണ് മലപ്പുറത്ത് ഭാഗികമായോ പൂര്‍ണമായോ വാക്സിന്‍ എടുക്കാത്തവരായി ഉള്ളത്. കഴിഞ്ഞ ശനിയാഴ്ച രണ്ട് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വാക്സിന്‍ എത്താത്തത് ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതേസമയം, അടിയന്തര സാഹചര്യം നേരിടാനുള്ള വാക്സിന്
സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.