ഐ എച്ച് ആര്‍ ഡി ഡയരക്ടര്‍ നിയമനത്തില്‍ വന്‍ ക്രമക്കേട്
നിയമസഭ സമിതി അയോഗ്യനെന്ന് കണ്ടെത്തി വിജിലന്‍സ് അന്വേഷണം നേരിടുന്ന പി സുരേഷ്കുമാറിനെയാണ് ഡയരക്ടറായി നിയമിച്ചത്
ഐ എച്ച് ആര്‍ ഡി ഡയരക്ടര്‍ നിയമനത്തില്‍ വന്‍ ക്രമക്കേട്. നിയമസഭ സമിതി അയോഗ്യനെന്ന് കണ്ടെത്തി വിജിലന്‍സ് അന്വേഷണം നേരിടുന്ന പി സുരേഷ്കുമാറിനെയാണ് ഡയരക്ടറായി നിയമിച്ചത്. സുരേഷ്കുമാര്‍ അയോഗ്യനാണെന്ന നിയമസഭ സമിതി, എ ജി റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് മീഡിയവണിന്
ഐ എച്ച് ആര്‍ ഡി ഡയരക്ടര്‍ തസ്തികയിലേക്ക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലുള്ള അപേക്ഷകനുണ്ടെങ്കില്‍ മറ്റാരെയും പരിഗണിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. അപേക്ഷകനായ ഐഒഎഫ്എസ് ഉദ്യോഗസ്ഥന്‍ പ്രമോജ് ശങ്കറിനെ മറികടന്നാണ് വിജിലന്‍സ് അന്വേഷണം നേരിടുന്ന പി സുരേഷ്കുമാറിനെ ഐ എച്ച് ആര്‍ ഡി ഡയരക്ടറായി നിയമിച്ചത്. ഐഎച്ച് ആര്‍ഡിയില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ളവരെ ഒഴിവാക്കാന്‍ പ്രായ പരിധി 50 വയസായി നിശ്ചയിച്ചത് പി സുരേഷ്കുമാറിന്റെ സ്വാധീനഫലമാണെന്ന ആക്ഷേപവും ശക്തമാണ്. ഡയരക്ടര്‍ പദവിയിലേക്ക് അപേക്ഷിക്കവെ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നിട്ടും ഇന്റര്‍വ്യൂക്ക് വിളിച്ചത് ചട്ടംമറികടന്നാണ്. നിലവില്‍ അഡീഷണല്‍ ഡയരക്ടറായ പി സുരേഷ്കുമാറിന്റെ ഐ എച്ച് ആര്‍ ഡിയിലെ നിയമനവും തുടര്‍ന്ന് ഡയരക്ടറായത് വരെയുള്ള സ്ഥാനക്കയറ്റങ്ങളും ചട്ട ലംഘിച്ചാണെന്ന് കണ്ടെത്തിയ നിയമസഭ സമിതിയുടെ റിപ്പോര്‍ട്ടിന് പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. എ ജിയുടെ റിപ്പോര്‍ട്ടിലും ഇദ്ദേഹത്തിനെതിരെ പരാമര്‍ശമുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്പോഴാണ് ഭരണ സ്വാധീനം ഉപയോഗിച്ച് പി സുരേഷ്കുമാര്‍ ഐ എച്ച് ആര്‍ ഡി ഡയരക്ടറായി നിയമിതനായത്.