നെടുങ്കയം കോളനിയില്‍ വേനലിന് മുമ്പേ കുടിവെള്ളക്ഷാമം
പുഴയിലെ വെളളം ശുദ്ധീകരിച്ച് ലഭ്യമാക്കാന്‍ പദ്ധതി തുടങ്ങണമെന്നാണ് കോളനി വാസികളുടെ ആവശ്യം.
മലപ്പുറം നിലമ്പൂര്‍ നെടുങ്കയം കോളനിയില്‍ വേനലെത്തും മുമ്പേ കുടിവെളളക്ഷാമം രൂക്ഷമായി. ഇവിടെയുള്ള ആദിവാസികള്‍ക്ക് പുഴയാണിപ്പോള്‍ കുടിവെള്ളത്തിനും ആശ്രയം. ശുദ്ധമായ കുടിവെള്ളത്തിന് മാര്‍ഗമുണ്ടാക്കണമെന്നത് ഇവരുടെ കാലങ്ങളായുള്ള ആവശ്യമാണ്.
കുടിവെളളത്തിനായുള്ള നെട്ടോട്ടത്തിലാണിപ്പോള്‍ നെടുങ്കയത്തുകാര്‍. പുഴയാണ് ബദല്‍ സ്‌കൂളിലെ മുപ്പതിലധികം വരുന്ന കുട്ടികള്‍ക്കും ആശ്രയം. മഴകാലത്ത് കലക്കുവെളളം കുടിക്കാന്‍ കഴിയാത്തതാണ് പ്രയാസമെങ്കില്‍ വേനല്‍ കടുത്താല്‍ വെള്ളത്തിന് പുഴയില്‍ കുഴിയുണ്ടാക്കണം. കോളനിക്കു സമീപം ഒരു കിണര്‍ ഉണ്ടെങ്കിലും ഉപയോഗശൂന്യമാണ്. കുടിവെള്ളത്തിന് പൈപ്പ് ലൈന്‍ വേണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ബദല്‍ സ്‌കൂളില്‍ കഞ്ഞിവെക്കുന്നതിനായി വെളളം ശേഖരിക്കുന്ന പാചക തൊഴിലാളിക്ക് ദുരിതകാലമാണിത്. പുഴയിലെ വെളളം ശുദ്ധീകരിച്ച് ലഭ്യമാക്കാന്‍ പദ്ധതി തുടങ്ങണമെന്നാണ് കോളനി വാസികളുടെ ആവശ്യം.