പാളങ്ങളുടെ അറ്റകുറ്റപ്പണി 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും: റെയിൽവേ
ആലപ്പുഴയിൽ നടന്ന പാർലമെന്റ് കൺവൻഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് റെയിൽവേയുടെ ഉറപ്പ്
കേരളത്തിലെ റെയിൽ പാളങ്ങളുടെ അറ്റകുറ്റപ്പണി 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ദക്ഷിണ റെയിൽവേ. ആലപ്പുഴയിൽ നടന്ന പാർലമെന്റ് കൺവൻഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് റെയിൽവേയുടെ ഉറപ്പ്. തകരാറുകളുള്ള പാളം മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എംപിമാരും റെയിൽവേ ഉന്നത ഉദ്യാഗസ്ഥരും പങ്കെടുത്ത യോഗം വിലയിരുത്തി.
11 പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ആലപ്പുഴയിൽ എത്തിയത്. കേരളത്തിന്റെ റയിൽവെ സുരക്ഷ, വികസനം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. കേരളത്തിൽ 203 ഇടത്ത് പാളങ്ങളിൽ പ്രശ്നമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അറ്റകുറ്റ പണികൾ 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പാർലമെന്റ് സമിതിക്ക് റെയിൽവേ അധികൃതർ ഉറപ്പു നൽകിയത്. 112 കിലോമീറ്റർ പാളം മാറ്റി സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ 30 കിലോമീറ്ററിന്റെ പണി പൂർത്തിയാക്കി. 57 കിലോമീറ്റർ പാളത്തിനുള്ള സാധന സാമഗ്രികള്‍ എത്തിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ പണികളും സമയ ബന്ധിതമായി പൂർത്തീകരിക്കും. ഏഴ് എംപിമാരും റെയിൽവെ ഉദ്യാഗസ്ഥരും ബോർഡ് പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്.
ഹൌസ്ബോട്ടിൽ പുന്നമടയിൽനിന്ന് യാത്ര തുടങ്ങിയ പാർലമെന്റ് റെയിൽവെ കൺവൻഷൻ കമ്മിറ്റി റാണി ചിത്തിര മാർത്താണ്ഡം കായലുകൾവഴി സവാരി നടത്തി. രാവിലെ എത്തിയ സംഘം അമ്പലപ്പുഴ റെയിൽവെ സ്റ്റേൻ സംഘം സന്ദർശിച്ചിരുന്നു. സംസ്ഥാനത്തെ പാതയിരട്ടിപ്പിന്റെ പുരോഗതിയും പാർലമെന്റ് കമ്മിറ്റി വിലയിരുത്തി.