കുടുംബ ക്ഷേത്ര നവീകരണത്തിനായി സൌജന്യ തേക്ക് വേണമെന്ന് ജയരാജന്‍; ആവശ്യം നിരാകരിച്ച് വനംവകുപ്പ്
വ്യവസായ മന്ത്രിയായിരിക്കെയാണ് 1200 മീറ്റര്‍ ക്യുബിക് മീറ്റര്‍ തേക്ക് സൌജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ലെറ്റര്‍ പാഡില്‍ ജയരാജന്‍ വനംവകുപ്പ് മന്ത്രിക്ക് കത്തയച്ചത്
മന്ത്രിസ്ഥാനം രാജിവെച്ചിട്ടും വിവാദങ്ങളില്‍ കുടുങ്ങി ഇ പി ജയരാജന്‍. കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായി 1200 ക്യുബിക് മീറ്റര്‍ തേക്ക് സൌജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രിയായിരിക്കെ ഇ പി ജയരാജന്‍ വനംവകുപ്പിന് കത്ത് നല്‍കി. നിയമവിരുദ്ധമെന്ന് കണ്ട് ജയരാജന്റെ ശിപാര്‍ശ വനംവകുപ്പ് മടക്കിയതായി വനം മന്ത്രി സ്ഥിരീകരിച്ചു.
കണ്ണൂരിലെ ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണത്തിനായാണ് 1200 മീറ്റര്‍ ക്യുബിക് മീറ്റര്‍ തേക്ക് സൌജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ലെറ്റര്‍ പാഡില്‍ ജയരാജന്‍ വനംവകുപ്പ് മന്ത്രിക്ക് കത്തയച്ചത്. വനം മന്ത്രി കെ രാജു പരിശോധനക്കായി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇത്രയും തടി ലഭ്യമാണോ എന്നറിയാന്‍ കണ്ണൂര്‍ ഡി എഫ് ഒ കൊട്ടിയൂര്‍, കണ്ണവം, തളിപ്പറന്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലേക്ക് കത്തയച്ചു. ഡി എഫ് ഒയുടെ ഓഫീസിലെ ജീവനക്കാര ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു..പിന്നീടാണ് ഒരു സ്വകാര്യ ക്ഷേത്രത്തിനായി ഇത്രയും ഭീമമായ അളവില്‍ തേക്കിന്‍ തടി സൌജന്യമായി നല്‍കാനാവില്ലെന്ന് മറുപടി നല്‍കിയത്.
കൊടിമരം പോലുള്ള ചെറിയ ആവശ്യങ്ങള്‍ക്കാണെങ്കില്‍ പരിഗണിക്കാമെന്നും വനംവകുപ്പ് അറിയിച്ചു. തുടര്‍ന്ന് മന്ത്രി ജയരാജന്റെ ശിപാര്‍ശ നിരസിക്കുകയും ഫയല്‍ മടക്കുകയും ചെയ്യുകയായിരുന്നു. ജയരാജനില്‍ നിന്ന് ഇങ്ങനെയൊരു കത്ത് കിട്ടിയതായി വനംമന്ത്രി കെ രാജു സ്ഥിരീകരിച്ചു.
എന്നാല്‍ തനിക്ക് കുടുംബക്ഷേത്രമില്ലെന്ന വിശദീകരണവുമായി ഇ പി ജയരാജന് രംഗത്തെത്തി. ഇരിണാവ് ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ക്ഷേത്രം പുനരുദ്ധാരണത്തിന് ദേവസ്വം ബോര്‍ഡ് ഭരണസമിതി സഹായം ആവശ്യപ്പെട്ട് നല്‍കിയ നിവേദനം വനംവകുപ്പ് മന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.