നൃത്തവേദികളിലെ നല്ല ഇടയന്‍
ഡാന്‍സിങ് പ്രീസ്റ്റ് എന്ന പേരില്‍ പ്രശസ്തനായ ഫാദര്‍ സാജു ജോര്‍ജ് ആയിരത്തിലധികം വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
നൃത്തവേദികളില്‍ സജീവമാകുന്ന നല്ല ഇടയനായാണ് ഫാദര്‍ സാജു ജോര്‍ജ് ശ്രദ്ധേയനാകുന്നത്. ഡാന്‍സിങ് പ്രീസ്റ്റ് എന്ന പേരില്‍ പ്രശസ്തനായ ഫാദര്‍ ആയിരത്തിലധികം വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തും വലിയ ശിഷ്യസമ്പത്തുമുണ്ട് ഈ വൈദികന്.
25 വര്‍ഷങ്ങള്‍, അമേരിക്കയിലും യൂറോപ്പിലുമായി ആയിരത്തിലധികം വേദികള്‍. ഫാദര്‍ സാജു ജോര്‍ജിന്റെ നൃത്ത സപര്യ ഇപ്പോഴും തുടരുകയാണ്. നല്ല ഇടയനാകാനുള്ള ദൈവ നിയോഗം കലയോടുള്ള താത്പര്യത്തിന് ഒട്ടും മങ്ങലേല്‍പ്പിച്ചില്ല. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ശാസ്ത്രീയമായി പരിശീലനം നേടി. ഒടുവില്‍ ഇപ്പോള്‍ കൊല്‍ക്കത്തയില്‍ നൂറിലധികം വിദ്യാര്‍ഥികളെ നൃത്തം അഭ്യസിപ്പിക്കുന്ന കലാഹൃദയയില്‍ നൃത്ത അധ്യാപകനെന്ന റോളിലും തിളങ്ങുന്നു. മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം കലാകാരനും കലക്കും സമൂഹത്തോടുള്ള പ്രതിബദ്ധത വളരെ വലുതാണെന്നാണ് ഫാദര്‍ സാജുവിന്റെ അഭിപ്രായം.
മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങളിലെ ശൈവപാരമ്പര്യത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ പഠനം നടത്തി ഡോക്ടറേറ്റ് നേടിയിട്ടുണ്ട് ഫാദര്‍. പാരമ്പര്യ രീതികളില്‍ നിന്ന് മാറി ബൈബിളിലെ അധ്യായങ്ങളും ഫാദറിന്റെ നൃത്താവിഷ്കാരങ്ങളള്‍ക്ക് വിഷയമാണ്. നൃത്തപരിപാടികളിലൂടെ സ്വരൂപിക്കുന്ന പണം കൊണ്ട് നിര്‍ധനരായവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതുള്‍പ്പെടെയുളള പദ്ധതികളും ഫാദര്‍ ആവിഷ്കരിച്ചിട്ടുണ്ട്.