വടകര സാൻഡ് ബാങ്ക്സിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
രക്ഷപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡ് എത്താത്തതിൽ സ്ഥലത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
വടകര: കോഴിക്കോട് വടകരയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വടകര സാൻഡ് ബാങ്ക്സിൽ ആണ് വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്.വള്ളത്തിൽ ഉണ്ടായിരുന്ന കുയ്യൻ വീട്ടിൽ അബൂബക്കർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡ് എത്താത്തതിൽ സ്ഥലത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു.
ഇന്ന് രാവിലെയാണ് രണ്ട് പേർ സഞ്ചരിച്ചിരുന്ന ഫൈബർ വള്ളം കടലിൽ മറിഞ്ഞത്. ഫൈബർ വള്ളം തിരമാലയിൽ എടുത്തെറിഞ്ഞാണ് അപകടമുണ്ടായത്. ഇബ്രാഹിമാണ് അബൂബക്കറിനെ കരയിൽ എത്തിച്ചത്. സാൻഡ് ബാങ്ക്സിൽ അപകടം പതിവായതോടെ പ്രദേശത്ത് 24 മണിക്കൂറും കോസ്റ്റ് ഗാർഡ് സേവനം ഉണ്ടാകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ അപകട വിവരം അറിയിച്ചെങ്കിലും കോസ്റ്റ് ഗാർഡ് വിഭാഗം രക്ഷാപ്രവർത്തനത്തിന് എത്താതിരുന്നതോടെ മൽസ്യത്തൊഴിലാളികൾ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.