സ്വന്തം വീടുകളില്‍ നിന്ന് കുട്ടികള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കുന്നത് കൂടുന്നു
നിയമങ്ങള്‍ ഫലപ്രദമാകുന്നില്ലന്ന് കണക്കുകള്‍
സ്വന്തം വീടുകളില്‍ നിന്ന് പലതരത്തില്‍ പീഡനം ഏല്‍ക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് വലിയ തോതില്‍ ഉയരുന്നു.വീടുകളില്‍ നിന്ന് ലൈംഗീക പീഡനത്തിനും,ശാരീരിക ഉപദ്രവങ്ങള്‍ക്കുമാണ് കൂടുതല്‍ പേരും ഇരയാകുന്നത്.കഴിഞ്ഞ എട്ടുമാസത്തിനിടെ 990 കുട്ടികള്‍ വിവിധ പീഡനങ്ങള്‍ക്ക് ഇരയായതായി സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു...
സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 990 കുട്ടികള്‍ക്കാണ് സ്വന്തം വീടുകളില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നത്.
ജില്ലാ ശിശു സംരക്ഷണ ഓഫീസുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ കണക്ക് തയ്യാറാക്കിയത്. പോലീസ് സ്റ്റേഷനുകളിലും, ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ലഭിച്ച പരാതികള്‍ വേറെയുമുണ്ട്. രണ്ടാനച്ഛന്റെയും രണ്ടാനമ്മയുടേയും അടുത്ത ബന്ധുക്കളുടേയും ഭാഗത്ത് നിന്നാണ് കുട്ടികള്‍ കൂടുതല്‍ പീഡനങ്ങള്‍ ഏല്‍ക്കുന്നത്. അച്ഛനമ്മമാരുടെ ഭാഗത്ത് നിന്ന് പീഡനങ്ങളേല്‍ക്കുന്ന സംഭവങ്ങളും കുറവല്ല.
ഷഫീഖ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുന്നതിനിടെയാണ് പീഡനങ്ങളുടെ എണ്ണം കൂടുന്നതെന്നത് ശ്രദ്ധേയമാണ്.