സിപിഎം-സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിലുണ്ടായ ഭിന്നത ചര്‍ച്ചയാകും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പൊതു രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. ലോ അക്കാദമി സമരത്തില്‍ മുന്നണിക്കുള്ളിലുണ്ടായ തര്‍ക്കം യോഗത്തില്‍ ചര്‍ച്ചയാവും. കോണ്‍ഗ്രസ്-ബിജെപി കക്ഷികള്‍ക്കൊപ്പം ഇടതുമുന്നണി ഘടകകക്ഷിയായ സിപിഐയും സമരത്തില്‍ പങ്കുചേര്‍ന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്. സമരം സര്‍ക്കാരിനെതിരായ സമരമായി മാറ്റിയതില്‍ സിപിഐക്കെതിരെ വിമര്‍ശമുയരാനാണ് സാധ്യത. പ്രശ്നത്തില്‍ ഇടപെടുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശം പാര്‍ട്ടിക്കുള്ളിലുണ്ട്.
കൂടാതെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് കൊല്ലത്ത് ചേരുന്നുമുണ്ട്. സിപിഐയുടെ അധ്യാപക സംഘടനയായ എകെഎസ്‍ടിയുന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്ന സാഹചര്യത്തിലാണ് എക്‍സിക്യൂട്ടീവ് കൊല്ലത്ത് ചേരുന്നത്. തിരുവനന്തപുരം ലോ അക്കാദമി വിഷയം അടക്കമുള്ളവ എക്സിക്യുട്ടീവിലും ചര്‍ച്ചയാകും. മുന്നണിയില്‍ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.