മുന്നണി മാറ്റം: ജെഡിയുവില്‍ എതിര്‍പ്പ്; നേതൃത്വം വഞ്ചിച്ചതായി വിമര്‍ശം

Update: 2018-05-16 11:34 GMT
മുന്നണി മാറ്റം: ജെഡിയുവില്‍ എതിര്‍പ്പ്; നേതൃത്വം വഞ്ചിച്ചതായി വിമര്‍ശം
Advertising

ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള തീരുമാനത്തില്‍ ജെഡിയു കോഴിക്കോട് ജില്ലാ കമ്മറ്റിയില്‍ കടുത്ത എതിര്‍പ്പ്. നേതാക്കള്‍ അണികളുടെ വികാരം കണക്കിലെടുക്കാതെ രാഷ്ട്രീയ വഞ്ചന..

ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള തീരുമാനത്തില്‍ ജെഡിയു കോഴിക്കോട് ജില്ലാ കമ്മറ്റിയില്‍ കടുത്ത എതിര്‍പ്പ്. നേതാക്കള്‍ അണികളുടെ വികാരം കണക്കിലെടുക്കാതെ രാഷ്ട്രീയ വഞ്ചന കാട്ടിയതായി ജില്ലാ കമ്മറ്റി യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആദര്‍ശം മറന്നാണ് സംസ്ഥാന നേതൃത്വം തീരുമാനം എടുത്തതെന്ന് ജില്ലാ കമ്മറ്റി അംഗങ്ങള്‍ കുറ്റപ്പെടുത്തി.

Full View

യുഡിഎഫ് വിടാനുള്ള സംസ്ഥാന കൌണ്‍സില്‍ തീരുമാനം 67 അംഗങ്ങള്‍ പങ്കെടുത്ത ജില്ലാ കമ്മറ്റിയില്‍ എംവി ശ്രേയംസ് കുമാറാണ് റിപോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് സംസാരിച്ചവരില്‍ ഭൂരിഭാഗം പേരും തീരുമാനത്തെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചു. പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊള്ളാതെയാണ് മുന്നണി മാറാനുള്ള തീരുമാനം. നേതാക്കള്‍ വഞ്ചന കാട്ടി. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആദര്‍ശം മറന്നുള്ള ചാട്ടം മാത്രമാണിതെന്നും വിമര്‍ശം ഉയര്‍ന്നു. സിപിഎമ്മിനേക്കാള്‍ ഭേദം കോണ്‍ഗ്രസാണെന്ന് നേതൃത്വം മറന്നു. മോദി-പിണറായി ഭരണത്തേക്കാള്‍ എന്തു കൊണ്ടും ഭേദം കോണ്‍ഗ്രസ് കാലഘട്ടമാണെന്നും ജില്ലാ കമ്മറ്റി അംഗങ്ങള്‍ ഉയര്‍ത്തി. ഒരു ഘട്ടത്തില്‍ യോഗത്തില്‍ ബഹളവും ഉണ്ടായി.

പാര്‍ട്ടി ശിഥലമാകാതിരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കണമെന്നായിരുന്നു നേതാക്കളുടെ അഭ്യര്‍ത്ഥന. തുടര്‍ന്ന് ശരത് യാധവ് രൂപീകരിക്കുന്ന പാര്‍ട്ടിയില്‍ ദേശീയ തലത്തില്‍ ലയിക്കണമെന്ന പ്രമേയം ജില്ലാ കമ്മറ്റി അംഗീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലെ സാഹചര്യം തല്‍ക്കാലം തുടരാന്‍ ജില്ലാ കമ്മറ്റിയില്‍ തീരുമാനിച്ചു. ഇടത് മുന്നണിയുടെ ഭാഗമായി ഔദ്യോഗികമായി മാറിയ ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്നും ജില്ലാ കമ്മറ്റിയില്‍ ധാരണയായി.

Tags:    

Similar News