സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി സോളാര്‍ കേസിലെ ആദ്യ അന്വേഷണസംഘം
ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കുക
സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി സോളാര്‍ തട്ടിപ്പ് കേസിലെ ആദ്യ അന്വേഷണസംഘം. കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് ഡിജിപിക്കും, ചീഫ്സെക്രട്ടറിക്കും കത്ത് നല്‍കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും, മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും കാണിച്ച് ഡിജിപി ഹേമചന്ദ്രനും കഴിഞ്ഞദിവസം സര്‍ക്കാരിന് കത്ത് നല്‍കിയിരിന്നു.
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപി എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി കേഎസ്ആര്‍ടിസി എംഡിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. മാത്രമല്ല സോളാറിലെ ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദർശനൻ, ഡിവൈഎസ്പി ജെയ്സൺ കെ.ഏബ്രഹാം എന്നിവരെ വിവിധ തസ്തികകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടികള്‍ക്കെതിരെ ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. അന്വേഷണ കമ്മീഷന്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും, ഇപ്പോള്‍ സ്വീകരിച്ച സ്ഥലംമാറ്റം അടക്കമുള്ള നടപടികള്‍ പിന്‍വലിക്കണമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
അതിനിടെ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി നടപടിക്ക് വിധേയനായ ഡിജിപി എ ഹേമചന്ദ്രന് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിനും, ഡിജിപി ലോക്നാഥ്ബഹ്റക്കും കത്ത് നല്‍കി. അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും, ഭവിഷ്യത്തു നേരിടാൻ തയാറാണെന്നും ഹേമചന്ദ്രന്‍ കത്തില്‍ പറയുന്നു. അതുകൊണ്ട് മറ്റ് ഉദ്യോഗസ്ഥരെ നടപടിയിൽ നിന്ന് ഒഴിവാക്കണം. കേസിലെ ഒരു വാദിക്കു പോലും അന്വേഷണത്തെക്കുറിച്ച് പരാതിയില്ലെന്നും, കേസുകളുടെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു കോടതികളാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പ്രത്യേകസംഘത്തെ നിയോഗിക്കുന്നതിന് മുന്‍പ് കേസന്വേഷിച്ച എഡിജിപി കെ.പത്മകുമാർ, ഡിവൈഎസ്പി കെ.ഹരികൃഷ്ണൻ എന്നിവരുടെ പേരുകൾ കത്തില്‍ പരാമർശിച്ചിട്ടില്ല. നേരത്തെ തനിക്കെതിരായ നടപടിയില്‍ അതൃപ്തി അറിയിച്ച് ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.