നാടുകാണാനിറങ്ങിയ കാട്ടാനകളെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു
ഷൊര്‍ണ്ണൂര്‍ പാലക്കാട് സംസ്ഥാന പാത മുറിച്ച് കടന്ന് ആനകളെ പറളി വഴി ധോണി വനത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
പാലക്കാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. നിലവില്‍ പഴയ ലക്കിടി ഭാഗത്താണ് ആനകളുള്ളത്. ഷൊര്‍ണ്ണൂര്‍ പാലക്കാട് സംസ്ഥാന പാത മുറിച്ച് കടന്ന് ആനകളെ പറളി വഴി ധോണി വനത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
വ്യാഴാഴ്ച മുഴുവന്‍ തിരുവില്വാമല മേഖലയില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ഇന്ന് പുലര്‍ച്ചയോടെയാണ് ഒറ്റപ്പാലം ഭാഗത്തേക്ക് എത്തിയത്. തൃശൂര്‍ കുത്താമ്പുള്ളിയ്ക്കും ഒറ്റപ്പാലം പാലപ്പുറത്തിനും മധ്യത്തിലായുള്ള ഭാരതപ്പുഴയില്‍ രാവിലെ മുതല്‍ ആനകള്‍ നിലയുറപ്പിച്ചു. ഉച്ചയോടെ തൃശൂര്‍പാലക്കാട് ഡിവിഷനിലെ വനപാലകരും, മണ്ണാര്‍ക്കാട്, വയാനാട് മേഖലകളില്‍ നിന്നും വിദഗ്ദ സംഘവും സ്ഥലത്തെത്തി. വൈകിട്ട് നാല് മണിയോടെ ഭാരതപ്പുഴയില്‍ നിന്നും വനപാലകര്‍ ആനകളെ വിരട്ടിയോടിച്ചു.
റെയില്‍ പാത മുറിച്ച് കടന്ന് ആനകള്‍ നിലവില്‍ പഴയ ലക്കിടി ഭാഗത്താണുള്ളത്. ഇവിടെ നിന്നും ഷൊര്‍ണ്ണൂര്‍ പാലക്കാട് സംസ്ഥാന പാത മുറിച്ച് കടത്തി പറളി മുണ്ടൂര്‍ കല്ലടിക്കോട് വഴി നാളെ വൈകിട്ടോടെ ധോണി വനത്തിലേക്ക് കാട്ടാനകളെ കടത്തി വിടാനാണ് വനപാലകരുടെ ശ്രമം. ധോണി വന മേഖലയില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത്. കഴിഞ്ഞ മാസം ഇറങ്ങിയ കാട്ടാനകളെ ഒരാഴ്ച നീണ്ടുനിന്ന പരിശ്രങ്ങള്‍ക്കൊടുവിലാണ് കാട്ടിലേക്ക് തിരിച്ചെത്തിച്ചത്.