ജയിലിന് പുറത്ത് തടവുകാരുടെ വോളിബോള്‍ മത്സരം

Update: 2018-05-23 01:36 GMT
ജയിലിന് പുറത്ത് തടവുകാരുടെ വോളിബോള്‍ മത്സരം
Advertising

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി കെ രജീഷ് നയിച്ച ടീമിനെ ജയില്‍ ജീവനക്കാരുടെ സംഘം പരാജയപ്പെടുത്തി.

സംസ്ഥാനത്താദ്യമായി ജയിലിന് പുറത്തിറങ്ങി തടവുകാരുടെ വോളിബോള്‍ മത്സരം. തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കായി തൃപ്രയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി കെ രജീഷ് നയിച്ച ടീമിനെ ജയില്‍ ജീവനക്കാരുടെ സംഘം പരാജയപ്പെടുത്തി.

കരിങ്കുന്നം സിക്‌സസ് എന്ന സിനിമ പോലെ ആയിരുന്നു തൃപ്രയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഇന്നലെ. ജയിലില്‍ മാത്രം കളിച്ച് ശീലിച്ച തടവുകാരുടെ ടീം പുറത്തിറങ്ങി. വെള്ളക്കുപ്പായമൂരി നിറമുള്ള ജഴ്‌സിയണിഞ്ഞു. പക്ഷേ സ്മാഷുകളെയും സര്‍വുകളെയും തടയാന്‍ അവിടെയും ജയില്‍ ജീവനക്കാരുണ്ടായിരുന്നു.

തോറ്റെങ്കിലും പ്രൊഫഷണലിസമുള്ള ടീമായി മാറി വിയ്യൂര്‍ സിക്‌സസ്. വോളിബോള്‍ താരം കിഷോര്‍ കുമാറിന്റെ നേതൃത്വത്തില്‍ പത്ത് മാസത്തോളം പരിശീലനം നേടിയാണ് പുറത്തേക്ക് പന്തുമായിറങ്ങിയത്.

കോടതിയുടെ അനുമതിയോടെയാണ് സംസ്ഥാനാത്താദ്യമായി ഇങ്ങനെയൊരു മത്സരം സംഘടിപ്പിച്ചത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി കെ രജീഷാണ് തടവുകാരുടെ ടീമിനെ നയിച്ചത്. രജീഷും എം കെ ബിനുവുമായിരുന്നു ടീമിന്റെ പ്രധാന താരങ്ങള്‍. പത്ത് മാസത്തെ പരിശീലനം കൊണ്ട് ഇവര്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്താന്‍ സാധിച്ചുവെന്ന് പരിശീലകന്‍ കിഷോര്‍ കുമാര്‍ പറഞ്ഞു.

മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയില്‍ ജീവനക്കാരുടെ ടീമിന്റെ ജയം. സ്‌കോര്‍ 25-11, 25-22, 25-23.

Tags:    

Similar News