വിവാദ ഭൂമിയിടപാട്; മധ്യസ്ഥ ശ്രമവുമായി കെസിബിസി
വിവാദ ഭൂമികച്ചവടത്തെച്ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ പരസ്യപ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് അനുരഞ്ജന ശ്രമവുമായി കെസിബിസി രംഗത്തെത്തിയത്.
ഭൂമിയിടപാടിനെച്ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അനുനയ ശ്രമവുമായി കെസിബിസി രംഗത്ത്. ആര്‍ച്ച് ബിഷപ്പ് സൂസേപാക്യവും കര്‍ദിനാള്‍ ബസേലിയന്‍ മാര്‍ ക്ലീമിസുമാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സഭയ്ക്കുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളുവെന്ന് ബിഷപ്പ് സൂസേപാക്യം പ്രതികരിച്ചു.
വിവാദ ഭൂമികച്ചവടത്തെച്ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ പരസ്യപ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് അനുരഞ്ജന ശ്രമവുമായി കെസിബിസി രംഗത്തെത്തിയത്. കെസിബിസി പ്രസിഡന്റ് ഡോ. എം സൂസേപാക്യം മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പാലാരിവട്ടം പിഒസിയിലെത്തി ചര്‍ച്ച നടത്തിയത്. അതിരൂപതയിലെ വൈദിക സമിതി പ്രതിനിധികള്‍, സഹായമെത്രാന്മാര്‍ എന്നിവരുമായും മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. പ്രശ്‌നപരിഹാരത്തിന് സീറോമലബാര്‍ സഭാ സിനഡിന് കെസിബിസി എല്ലാ പിന്തുണയും നല്‍കുമെന്ന് ബിഷപ്പ് സൂസേപാക്യം പ്രതികരിച്ചു.
അതേസമയം വിവാദ ഭൂമികച്ചവടത്തില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് ചൊവ്വാഴ്ച്ച പുറത്തിറങ്ങിയെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. എ ജിയുടെ നിയമോപദേശം ലഭിച്ചതിന് ശേഷമാകും കേസെടുക്കുകയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കേസെടുത്തില്ലെങ്കില്‍ എറണാകളും സെന്‍ട്രല്‍ സിഐക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരന്‍ ഷൈന്‍ വര്‍ഗീസ് പറഞ്ഞു.