ലിഗയുടെ ഫോറന്‍സിക് പരിശോന ഫലം ഇന്ന് പുറത്ത് വരും
വിദേശ അതിഥികളെ സംബന്ധിച്ച് അതാത് ദിവസം തന്നെ സ്റ്റേഷനിൽ വിവരം നൽകണമെന്ന് റിസോർട്ടുകൾക്കും ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾക്കും പോലീസ് നിർദേശം
തിരുവനന്തപുരത്ത് വിദേശ വനിത മരിച്ച സംഭവത്തിൽ ഫോറൻസിക്ക് പരിശോധന ഫലം ഇന്ന് വന്നേക്കും. ഇതോടെ മരണകാരണം വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സംഭവമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിൽ എടുത്ത 4 പേരിൽ 3 പേരെ ഇന്നലെ വൈകിട്ടോടെ വിട്ടയച്ചു.
തിരുവല്ലത്ത് മരിച്ച വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണ് എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ ഉള്ളത്. എന്നാൽ മറ്റു സാധ്യതകളും പോലീസ് പൂർണമായി തളികളയുന്നില്ല. ഫോറൻസിക് പരിശോധന ഫലം വരുന്നതോടു കൂടി ഇക്കാര്യത്തിൽ വ്യക്തത വരും.
കൊലപാതകം എന്ന് നിലയിൽ തന്നെയാണ് അന്വേഷണം നടക്കുന്നത്. വാഴമുട്ടത്തെ കണ്ടല്‍ക്കാടുകളിൽ പൊലീസ് സംഘം ഇന്നും പരിശോധന നടത്തും. കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത നാല് പേരിൽ മൂന്ന് പേരെ 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തെളിവുകൾ ലഭിക്കുന്ന മുറക്ക് ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന.
പോലീസിന്റെ പരിശോധന ശക്തമായതോടെ കോവളത്തെ ലഹരി മാഫിയ സംഘങ്ങളിൽ പലരും ഒളിവിലാണ്. മുഴുവൻ ടൂറിസ്റ്റ് ഗൈഡുകളോടും ലൈസൻസ് ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം എത്തുന്ന മുഴുവൻ വിദേശ അതിഥികളെ സംബന്ധിച്ച് അതാത് ദിവസം തന്നെ സ്റ്റേഷനിൽ വിവരം നൽകണമെന്ന് റിസോർട്ടുകൾക്കും ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾക്കും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.