വയനാട്ടില്‍ മഴ കുറഞ്ഞത് കൃഷിയെ ബാധിക്കുന്നു
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ 51 ശതമാനം മഴയുടെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്.
മഴയില്‍ അസാധാരണ കുറവുണ്ടായത്, വയനാട്ടിലെ കര്‍ഷകരെ സാരമായി ബാധിയ്ക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ 51 ശതമാനം മഴയുടെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. വിളവ് കുറയുന്നതിനു പുറമെ രോഗങ്ങള്‍ വേഗത്തില്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്.
വയനാട്ടില്‍ ഇത്തവണ വേനല്‍മഴയും കാര്യമായി ലഭിച്ചിട്ടില്ല. 47 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ന്നെത്തിയ മണ്‍സൂണും ചതിച്ചതോടെ കൃഷിക്കാര്‍ക്ക് ഒരു വിളയും ഇറക്കാന്‍ പറ്റാത്ത സ്ഥിതിയാണ് നിലവില്‍. കൃഷി വകുപ്പിന്റെ കണക്കുകളില്‍ വയനാട്ടില്‍ നെല്‍കൃഷി ഇറക്കുന്നതില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ 12,016.9 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കി. 50,288.26 ടണ്ണായിരുന്നു ഉത്പാദനം. എന്നാല്‍, 2015-16 വര്‍ഷത്തില്‍ 9136 ഹെക്ടറായി കൃഷി ചുരുങ്ങി. 23,598 ടണ്ണാണ് ഉല്‍പാദനം. പകുതിയില്‍ അധികമായാണ് നെല്‍കൃഷി കുറഞ്ഞത്. മഴ കുറവാണ് പ്രധാന കാരണം.
പ്രധാന നാണ്യവിളയായ കുരുമുളക് കൃഷിയെയാണ് മഴകുറവ് കാര്യമായി ബാധിയ്ക്കുക. 2014-15 വര്‍ഷത്തില്‍ 26,731 ഹെക്ടര്‍ സ്ഥലത്ത് കൃഷിയുണ്ടായിരുന്നു. 15,855.45 ടണ്ണാണ് ഉല്‍പാദനം. എന്നാല്‍, ഇത്തവണ കുരുമുളകിന്റെ ഉത്പാദനം ഗണ്യമായി കുറയും. വാഴ, ഇഞ്ചി എന്നിവയെയും മഴക്കുറവ് സാരമായി ബാധിയ്ക്കും. മഴ കുറവിനെ പ്രതിരോധിയ്ക്കാന്‍ ജലസേചന സംവിധാനങ്ങള്‍ പരമാവധി ഉപയോഗിയ്ക്കുക മാത്രമാണ് ഏക പോംവഴി. തലക്കുളങ്ങളുടെ പുനരുദ്ധാരണവും കുളങ്ങളുടെയും ചതുപ്പു നിലങ്ങളുടെയും സംരക്ഷണവും നടപ്പാക്കിയാലേ ഇതു സാധ്യമാകൂ എന്നും കാര്‍ഷിക വിദഗ്ധര്‍ പറയുന്നു.