അരിവില കുതിക്കുമ്പോഴും കര്‍ഷകര്‍ക്ക് ഗുണമില്ല
വരള്‍ച്ച മൂലം ഉല്പാദനം കുറഞ്ഞതും അരിവില ഉയര്‍ന്നതും സ്വകാര്യ സംഭരണക്കാര്‍ക്കാണ് ഗുണകരമാവുന്നത്.
സംസ്ഥാനത്ത് അരിവില റോക്കറ്റ് പോലെ കുതിക്കുമ്പോഴും കര്‍ഷകന് അതിന്റെ ഗുണം ലഭിക്കുന്നില്ല. താങ്ങുവില ഈ സീസണില്‍ ഒരു രൂപ വര്‍ധിപ്പിച്ചെങ്കിലും കര്‍ഷകര്‍ സിവില്‍ സപ്ലൈസിന് നെല്ല് നല്‍കാന്‍ തയ്യാറാവുന്നില്ല. വരള്‍ച്ച മൂലം ഉല്പാദനം കുറഞ്ഞതും അരിവില ഉയര്‍ന്നതും സ്വകാര്യ സംഭരണക്കാര്‍ക്കാണ് ഗുണകരമാവുന്നത്.
കേന്ദ്രം നിശ്ചയിച്ച 14 രൂപ 80 പൈസയും സംസ്ഥാനം പ്രഖ്യാപിച്ച ബോണസ് വിലയായ 7 രൂപ 70 പൈസയും ചേര്‍ത്ത് 22 രൂപ 50 പൈസയാണ് നിലവിലെ നെല്ലിന്റെ താങ്ങുവില. കേരളത്തില്‍ പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് പ്രധാനമായും സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. ആദ്യവിളയില്‍ 1.6 ലക്ഷം മെട്രിക് ടണ്‍ നെല്ല് ശേഖരിച്ചു. എന്നാല്‍ ഇതിന്റെ വില കര്‍ഷകര്‍ക്ക് രണ്ട് ഗഡുക്കളായി അഞ്ച് മാസം കഴിഞ്ഞാണ് ലഭിച്ചത്.
ഈ സീസണിലാകട്ടെ അരിവില കുതിച്ചു കയറുമ്പോഴും അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ താങ്ങുവിലക്ക് തന്നെ പൊതുമാര്‍ക്കറ്റില്‍ നെല്ല് സംഭരിക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച ഗുണമേന്മാ മാനദണ്ഡങ്ങളൊന്നും കൂടാതെ അവര്‍ കൃഷിയിടങ്ങളില്‍ നിന്ന് നെല്ല് ശേഖരിക്കുന്നു. അതിനാല്‍ തന്നെ സിവില്‍ സപ്ലൈസിന് നെല്ല് നല്‍കാന്‍ കര്‍ഷകര്‍ ഒരുക്കമല്ല.
വരള്‍ച്ച മൂലം പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായതിനാല്‍ സംഭരണം നാമമാത്രമാണ്. ഒറ്റപ്പാലം മേഖലയില്‍ നെല്ല് സംഭരണം പൂര്‍ത്തിയായി വരുന്നുവെന്നാണ് സിവില്‍ സപ്ലൈസിന്റെ അവകാശവാദം. എന്നാല്‍ സര്‍ക്കാരിന് നെല്ല് നല്‍കി പുലിവാല്‍ പിടിക്കാന്‍ കര്‍ഷകര്‍ ഒരുക്കമല്ല.