കെപിസിസി അംഗങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
നേരത്തെ സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം ഉണ്ടാകുമെന്നാണ് സൂചന
കെപിസിസി അംഗങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ പുതിയ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ ഹൈകമാന്‍ഡ് നിലപാടിന് മുന്‍തൂക്കമുണ്ടാകാനാണ് സാധ്യത. സോളാറിലെ സര്‍ക്കാര്‍ നടപടികളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ക്കും കോണ്‍ഗ്രസ് വരും ദിവസങ്ങളില്‍ രൂപം നല്‍കും.
ചര്‍ച്ചകളൊക്കെ പൂര്‍ത്തിയായ സാഹചര്യത്തില്‍ കെപിസിസി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. നേരത്തെ സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം ഉണ്ടാകുമെന്നാണ് സൂചന. പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെ ചിലര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. അംഗങ്ങളുടെ പട്ടിക വന്നാലുടന്‍ ജനറല്‍ബോഡി ചേര്‍ന്ന് മറ്റുനടപടികളിലേക്ക് കടക്കും. കെപിസിസി നിര്‍വാഹക സമിതി, ഭാരവാഹികള്‍, അധ്യക്ഷന്‍ എന്നിവയാണ് ഇനി ബാക്കിയുള്ളത്. സോളാറിലെ കൂട്ട കേസ് വന്ന സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ ഹൈകമാന്‍ഡ് താല്പര്യത്തിന് മുന്‍തൂക്കം ലഭിച്ചേക്കും. സംസ്ഥാനത്തെ ഗ്രൂപ്പുകളുടെ താല്പര്യത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന.
അതിനിടെ സോളാറിലെ സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായ സാധ്യതകളുണ്ടെന്ന പ്രതീക്ഷയിലാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍. കേസ് സംബന്ധിച്ച് ഉത്തരവിറക്കാന്‍ പോലും വൈകുന്നത് നേതാക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വിവരാവകാശപ്രകാരം സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കും. അതിന് മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ അതിനെ ചോദ്യം ചെയ്തും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ലഭിക്കുന്ന എല്ലാ ആയുധങ്ങളും ഉപയോഗിക്കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്, യുഡിഎഫ് വൃത്തങ്ങള്‍.