ജി എസ് ടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍
ജിഎസ് ടി ഏര്‍പ്പെടുത്തിയതിനു പുറമേ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേന്ദ്രം വെട്ടിക്കുറച്ചതും മത്സ്യമേഖലയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്
മത്സ്യബന്ധന മേഖലയിലെ ജി എസ് ടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍. ജിഎസ് ടി ഏര്‍പ്പെടുത്തിയതിനു പുറമേ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേന്ദ്രം വെട്ടിക്കുറച്ചതും മത്സ്യമേഖലയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. അടുത്തിടെ ജിഎസ്ടി കൌണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും മത്സ്യമേഖലക്ക് അനുകൂലമായ നടപടിയുണ്ടാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മുമ്പ് നികുതിയില്ലാതിരുന്ന മത്സ്യബന്ധന മേഖലയിലെ പല ഉപകരണങ്ങള്‍ക്കും ജി എസ് ടി ഏര്‍പ്പെടുത്തിയതു മൂലം വലിയ തിരിച്ചടിയാണ് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായിരിക്കുന്നത്. വല, കയര്‍, ചൂണ്ട തുടങ്ങിയവക്ക് 12 ശതമാനം വരെയാണ് ജി എസ് ടി.ഔട്ട് ബോര്‍ഡ് എന്‍ജിന് 28 ശതമാനവും.ഐസ് ബോക്സിന്റെ നികുതി 18 ശതമാനമായി ഉയര്‍ന്നു. കാര്‍ഷിക മേഖലക്കു നല്‍കിയിരിക്കുന്ന ഇളവ് പോലും മത്സ്യബന്ധന മേഖലക്ക് ജി എസ് ടിയുടെ കാര്യത്തില്‍ നല്‍കിയിട്ടില്ല. അടുത്തിടെ ചേര്‍ന്ന ജി എസ് ടി കൌണ്‍സില്‍ യോഗത്തിലും മത്സ്യബന്ധന മേഖലയെ കാര്യമായി പരിഗണിച്ചില്ല.ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭം ശക്തമാക്കുന്നത്.മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തി. മത്സ്യത്തൊഴിലാളി മേഖലയിലെ മറ്റു സംഘടനകളും പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനത്തിലാണുള്ളത്.