കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് യാത്രക്കാരനെ മര്‍ദ്ദിച്ചു
ചില്ലറ മടക്കി ചോദിച്ചതിന് കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് യാത്രക്കാരനെ മര്‍ദ്ദിച്ചു.
ചില്ലറ മടക്കി ചോദിച്ചതിന് കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് യാത്രക്കാരനെ മര്‍ദ്ദിച്ചു. കൊച്ചി വൈറ്റില ഹബ്ബിലാണ് സംഭവം. പരിക്കേറ്റ് യാത്രക്കാരന്‍ ചേര്‍ത്തല സ്വദേശി സുരേഷിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി മാവേലിക്കര ഡിപ്പോയില്‍ നിന്നുള്ള സുല്‍ത്താന്‍ ബത്തേരി സൂപ്പര്‍ ഫാസ്റ്റ് ബസ്സിലെ കണ്ടക്ടര്‍ അനീഷ്, ഡ്രൈവര്‍ പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. ചേര്‍ത്തല റെയില്‍വെ സ്റ്റേഷന് മുന്നില്‍ നിന്ന് എറണാകുളത്തേയ്ക്ക് പോകുന്നതിനാണ് സുരേഷ് ബസ്സില്‍ കയറിയത്. 500 രൂപ നല്‍കി ടിക്കറ്റ് എടുത്തും. ബാക്കി നല്‍കാനുള്ള തുക ടിക്കറ്റില്‍ കുറിച്ച് നല്‍കുകയും ചെയ്തു. വൈറ്റിലയില്‍ ബസ്സിറങ്ങിയ ശേഷവും തുക മടക്കി നല്‍കാന്‍ കണ്ടക്ടര്‍ അനീഷ് തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
പിടിവലിയില്‍ വൈറ്റില ഹബ്ബിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന്റെ ജനല്‍ ചില്ല് തകര്‍ന്നു. സുരേഷിന്റെ പരാതി പ്രകാരം കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ മരട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.