സരിതക്ക് ഹൈക്കോടതിയുടെ വിമര്‍ശം,രാഷ്ട്രീയക്കളിയില്‍ താല്‍പര്യമില്ലെന്ന് കോടതി
മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ സരിത നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശം
സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ്.നായര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി .സോളാര്‍ കേസിലെ പ്രതിയായ സരിതക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കോടതി കളിക്കളമല്ലെന്നും ജസ്റ്റിസ് ബി.കമാല്‍ പാഷ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് സരിത പരാതിയുമായി വന്നിരിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ഇത്തരം രാഷ്ട്രീയ കളികളില്‍ കോടതിക്ക് താല്‍പര്യമില്ലെന്നും ജസ്റ്റിസ് ബി കമാല്‍പാഷ തുറന്നടിച്ചു. തന്റെ കൈവശമുള്ള തെളിവുകള്‍ കൈമാറാന്‍ തയ്യാറാണെന്ന് സരിത പറഞ്ഞു. എന്നാല്‍ പോലീസിന് കൈമാറാന്‍ വിശ്വാസമില്ല.
സോളാര്‍ കേസിലെ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ പരാതിയിലും മുഖ്യമന്ത്രിക്ക് പങ്കുള്ളതായി പറയുന്നുണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ വാദിച്ചു. അപ്പോള്‍ പരാതിക്കാരന് വേണ്ടി എങ്ങിനെ പ്രതി വാദിക്കുമെന്ന് കോടതി ചോദിച്ചു. മാത്രമല്ല ശ്രീധരന്‍ നായര്‍ക്ക് വേണമെങ്കില്‍ അദ്ദേഹം തന്നെ വരട്ടെയെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു. കഴമ്പുള്ള ഒട്ടേറെ കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 33 കേസുകളിലെ പ്രതിയാണ് സരിതയെന്നും ചില രാഷ്ട്രീയ പാര്‍ട്ടികളാണ് സരിതക്ക് പിന്നിലെന്നും അവഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി, ഡയറക്ട്രര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലി എന്നിവര്‍ കോടതിയില്‍ പറഞ്ഞു.
1 കോടി 90 ലക്ഷം രൂപ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും നല്‍കി എന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടും യാതൊരു അന്വേഷണവും നടക്കാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു സരിതയുടെ ആവശ്യം.