സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു
മഴക്കാലത്ത് എച്ച് വണ്‍ എന്‍ വണ്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമായി. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ മാത്രം 98 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി
3525 ഡെങ്കിക്കേസുകളില്‍ 2700 കേസുകളും തിരുവനന്തപുരം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം തിരുവനന്തപുരം 98 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ഇതുവരെ 832994 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. തെക്കന്‍ ജില്ലകളില്‍ ഡെങ്കി, എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങളും കൂടുതലാണ്. 148900 പേരാണ് വയളിറക്കത്തിന് മാത്രം ചികിത്സ തേടിയത്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴക്കാലത്ത് എച്ച് വണ്‍ എന്‍ വണ്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്
മഴക്കാലത്ത് എച്ച് വണ്‍ എന്‍ വണ്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. മഴയെത്തുന്നതിന് മുമ്പേ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുകയാണ്. ഈ സാഹചര്യത്തില്‍ മഴക്കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു. മഴക്കാലത്താണ് എച്ച് വണ്‍ എന്‍ വണ്‍ കണ്ടുവരാറുള്ളത്. എന്നാല്‍ ഈ വര്‍ഷം കടുത്ത വേനലിലും എച്ച് വണ്‍ എന്‍ വണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 500 കേസുകള്‍. കഴിഞ്ഞ വര്‍ഷം ഒരു മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ഈ വര്‍ഷം 36 പേര്‍ മരിച്ചു. അഞ്ചുമാസം പിന്നിടുമ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ മഴ എത്തുന്നതോടെ എച്ച് വണ്‍ എന്‍ വണ്‍ കൂടാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികളും പ്രമേഹരോഗികളും ദീര്‍ഘകാലം മരുന്ന് കഴിക്കുന്ന രോഗികളും ശ്രദ്ധിക്കണം. 2015 ലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്. 900 കേസുകള്‍. 80 മരണവും. 2012ല്‍ 663 കേസുകളും 15 മരണവും.
കോഴിക്കോട് ജില്ലയില്‍ 73277 പേര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തു
കോഴിക്കോട് ജില്ലയിലും പകര്‍ച്ചപ്പനി പടരുന്നു. ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍ വണും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 73277 പേര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മൂന്ന് പേര്‍ മരിച്ചപ്പോള്‍ എലിപ്പനി ബാധിച്ച് നാല് പേര്‍ ജില്ലയില്‍ മരിച്ചതായും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2017 മെയ് 16 വരെയുള്ള കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷങ്ങളെക്കാള്‍ കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം കൂടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 77 ആണ്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം 360 വരും.
മൂന്ന് മാസത്തിനുള്ളില്‍ 43 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചപ്പോള്‍ മൂന്ന് പേര്‍ മരിച്ചു. 1526 പേരാണ് നാല് മാസത്തിനുള്ളില്‍ ചിക്കന്‍പോക്സിന് ചികിത്സ തേടിയത്. ഇതില്‍ ഒരാള്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ 193 പേര്‍ക്ക് ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 4 പേര്‍ മരിച്ചു. വൈറല്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ട് മരണം ജില്ലയില്‍ സ്ഥിരീകരിച്ചു. 49 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി മലിന ജലം കെട്ടികിടക്കുന്നത് അടക്കമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
ജില്ലയില്‍ രണ്ട് മാസത്തിനിടെ 5917 പേര്‍ക്ക് വയറിളക്ക രോഗങ്ങള്‍ ബാധിച്ചപ്പോള്‍ 31 പേര്‍ക്ക് അതിസാരവും വന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ മഴക്കാലത്തിന് മുന്നോടിയായി ജനകീയ പങ്കാളിത്വത്തിലൂടെ ശുചീകരണ യജ്‍ഞം സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
പകര്‍ച്ചപ്പനി പടര്‍ന്ന് തോട്ടംമേഖലകള്‍
പത്തനംതിട്ടയിലെ ആദിവാസി-തോട്ടം മേഖലകളില്‍ പകര്‍ച്ചപ്പനി വ്യാപകമാകുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. മലയോര മേഖലകളിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മരുന്നിന്റെയും അഭാവം രോഗികളെ വലക്കുകയാണ്. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം.
ശബരിമലയടക്കമുള്ള ആദിവാസി മേഖലയുള്‍പ്പെടുന്ന പ്രദേശത്തെ ഏക ആശ്രയമാണ് പെരിനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം. 5 ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും സേവനത്തിനുള്ളത് ഒരാള്‍ മാത്രം. തോട്ടം മേഖലയായ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുള്ളത് ഒരു ഡോക്ടര്‍. ചികിത്സ ലഭിക്കാന്‍ വേണ്ടത് മണിക്കൂറുകളുടെ കാത്തിരിപ്പ്. വെള്ളക്കെട്ടും കൊതുകിന് പെറ്റുപെരുകാന്‍ അനുകൂലമായ സാഹചര്യവും ഉള്ളതിനാലാണ് തോട്ടം മേഖലയില്‍ പനി പടര്‍ന്നുപിടിക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരെയും മരുന്നും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ വിശദീകരണം.