കെപിസിസി പട്ടികയെ ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച പരാജയം
ഉടന്‍ സമവായത്തിലെത്തിയില്ലെങ്കില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി മുന്നറിയിപ്പ് നല്‍കി.
കെപിസിസി അംഗങ്ങളുടെ പട്ടികയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച പരാജയം. പട്ടികയിലെ പ്രശ്നങ്ങളില്‍ ഇതുവരെ പരിഹാരമായില്ല. ഉടന്‍ സമവായത്തിലെത്തിയില്ലെങ്കില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് കെപിസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നത്. എംപിമാരും എ, ഐ ഗ്രൂപ്പുകളില്‍ പെടാത്ത നേതാക്കളും നല്‍കിയ പരാതിയെ തുടര്‍ന്ന് പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തടഞ്ഞ് വെച്ചിരുന്നു. തുടര്‍ന്ന് പ്രശ്ന പരിഹാര ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സന്‍, കെ മുരളീധരന്‍ എംഎല്‍എ തുടങ്ങിയവരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഈ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു സമവായ നിര്‍ദേശം തെരഞ്ഞെടുപ്പ് സമിതി മുന്നോട്ട് വെച്ചിരുന്നു. നിലവിലുള്ള പട്ടികയില്‍ നിന്ന് ചിലരെ ഒഴിവാക്കി, എംപിമാരും ഗ്രൂപ്പതീത നേതാക്കളും നിര്‍ദേശിക്കുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തകയെന്നതായിരുന്നു നിര്‍ദേശം.
എന്നാല്‍ ചര്‍ച്ചയില്‍ സമവായ നിര്‍ദേശത്തോട് എ, ഐ ഗ്രൂപ്പുകള്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഇതോടെയാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. ഇനിയും പ്രശ്നം പരിഹരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും, കേരള നേതാക്കള്‍ തന്നെ ഒരു സമവായം രൂപപ്പെടുത്തണമെന്നുമാണ് തെരഞ്ഞെടുപ്പ് സമിതിയുടെ ഇപ്പോഴത്തെ നിലപാട്. ഇല്ലെങ്കില്‍ നടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സമിതി മുന്നറിയിപ്പ് നല്‍കുന്നു.