വിപ്ലവ സ്മരണകളുണര്‍ത്തി ആലി മുസ്‍ലിയാരുടെ വീട്
ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടേണ്ട ആലി മുസ്‍ലിയാരുടെ വീടും സര്‍ക്കാര്‍ അവഗണനയിലാണ്.
സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവകാരിയായ മതപണ്ഡിതനായിരുന്നു ആലിമുസ്‍ലിയാര്‍. ആലിമുസ്ലിയാര്‍ ജീവിച്ചിരുന്ന വീട് ഇപ്പോഴും മലപ്പുറം ജില്ലയിലെ നെല്ലിക്കുത്തിലുണ്ട്. മുസ്‍ലിയാര്‍ ഉപയോഗിച്ചിരുന്ന പുസ്തകങ്ങള്‍ വളരെ സൂക്ഷമതയോടെ സംരക്ഷിച്ച് പോരുകയാണ് അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍.
മലപ്പുറം മഞ്ചേരിയിലെ കിഴക്കേ അതിര്‍ത്തി ഗ്രാമമായ നെല്ലിക്കുത്തില്‍ ആലിമുസ്‍ലിയാര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ വീട് ഇപ്പോഴും വിപ്ലവ സ്മരണകളുണര്‍ത്തി നില നില്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം വിശ്വാസത്തിന്റെ ഭാഗമാണെന്ന് കരുതുകയും അതിനായി മാപ്പിളമാരെ പോരാട്ടത്തിനിറക്കുകയും ചെയ്ത സ്വാതന്ത്ര്യ സമരനായകനാണ് ആലിമുസ്‍ലിയാര്‍. അടിയുറച്ച മതവിശ്വാസിയും പണ്ഡിതനുമായിരുന്നു ആലിമുസ്‍ലിയാര്‍. ഈ കാണുന്ന അറബി ഗ്രന്ഥങ്ങള്‍ അതിന് തെളിവാണ്. ബ്രിട്ടീഷുകാര്‍ വീട് ആക്രമിച്ചപ്പോള്‍ ബൂട്ടിട്ട് ചവിട്ടിയ പാടും പുസ്തകത്തിലുണ്ട്. ഗ്രന്ഥങ്ങളൊക്കെ ഏറെക്കുറെ നശിച്ചുകഴിഞ്ഞു. ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടേണ്ട ആലി മുസ്‍ലിയാരുടെ വീടും സര്‍ക്കാര്‍ അവഗണനയിലാണ്.