ഏക സിവില്‍ കോഡിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു
ഇക്കാര്യത്തില്‍ പൊതു ജനാഭിപ്രായം തേടി നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ഏക സിവല്‍ക്കോഡിനെ അനുകൂലിക്കുന്ന തരത്തിലുള്ളതാണെന്ന് വിവിധ മുസ്‍ലിം സംഘടനകള്‍ കുറ്റപ്പെടുത്തി.
ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇക്കാര്യത്തില്‍ പൊതു ജനാഭിപ്രായം തേടി നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ഏക സിവല്‍ക്കോഡിനെ അനുകൂലിക്കുന്ന തരത്തിലുള്ളതാണെന്ന് വിവിധ മുസ്‍ലിം സംഘടനകള്‍ കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
16 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പുറത്തിറക്കി കൊണ്ടാണ് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമം കേന്ദ്രം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്ന തരത്തിലാണ് ഓരോ ചോദ്യങ്ങളും. ഇന്ത്യയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാരിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുഛേദം പറയുന്നുണ്ട് എന്ന് നിങ്ങള്‍ക്കറിയോ? ഇതില്‍ തുടര്‍നപടി വേണോ എന്നാണ് ഒന്നാമത്തെ ചോദ്യം, ബഹുഭാര്യാത്വവും സമാനമായ രീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ? എല്ലാ സമുദായങ്ങള്‍ക്കും വിവാഹമോചനത്തിന് പൊതുവായ കാരണം ഉണ്ടായിരിക്കണമെന്ന് കരുതുന്നുണ്ടോ? അങ്ങനെ തുടരുന്നു ചോദ്യങ്ങള്‍, ഈ സാഹചര്യത്തിലാണ് മുസ്‍ലിം സംഘടനകള്‍ കടുത്ത വിമര്‍ശവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്ത് 14 ശതമാനം മാത്രം വരുന്ന മുസ്‍ലിംകളുടെ സ്വത്തവകാശ നിയമങ്ങളെ കുറിച്ചും വിവാഹ സമ്പ്രദായങ്ങളെപ്പറ്റിയുമുള്ള പുനരാലോചനകള്‍ 86 ശതമാനം വരുന്ന ഇതര മത വിഭാഗങ്ങളുമായും അല്ലാത്തവരുമായും ആലോചിച്ച് ചെയ്യുന്നതിലെ അര്‍ത്ഥമില്ലായ്മയും മുസ്‍ലിം സംഘടനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ അഭിപ്രായ രൂപീകരണത്തിന് ശേഷം തല്‍പര കക്ഷികളുമായ കൃത്യമായ കൂടിക്കാഴ്ചകളും നടത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായം.