ഇടുക്കിയിലെ ഭൂമി പ്രശ്നം: കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കിയിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം നടന്നു
മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി കണക്കാക്കില്ല. മൂന്നാറില്‍ റിസോര്‍ട്ട് നിര്‍മാണം നിയന്ത്രിക്കും. സബ്കളക്ടറെ മാറ്റുന്നകാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നാറില്‍ കയ്യേറ്റവും അനധികൃത നിര്‍മാണവും വ്യാപകമാണെന്ന ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഉന്നതതല യോഗം. ഇടുക്കിയുടെ നിലവിലെ സ്ഥിതിയില്‍ ഉത്കണ്ഠയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി വര്‍ഷങ്ങളായി താമസിക്കുന്നവരെ കയ്യേറ്റക്കാരായി കണക്കാക്കില്ലെന്നും വ്യക്തമാക്കി.
സ്ഥലം എം എല്‍ എയുടെ ഭൂമിയെ കയ്യേറ്റഭൂമിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായി റിസോര്‍ട്ടുകളുടെ എണ്ണം പരിമിതപ്പെടുത്തും. പരിസ്ഥിതിക്കിണങ്ങുന്നതാകണം നിര്‍മാണം
സബ് കളക്ടറെ മാറ്റുന്നത് ആലോചിച്ചിട്ടില്ല. പ്രായോഗിക പ്രശ്നം കണക്കിലെടുത്ത് സബ്കളക്ടറുടെ അധികാരം വികേന്ദ്രീകരിക്കും. മരം മുറിക്കുന്നതിന് നേരത്തെ നല്‍കിയ അനുമതി തുടരുമെന്നും പട്ടയവിതരണം ഏപ്രിലോടെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി