ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയെന്ന് സ്വാമി
പെണ്‍കുട്ടിയും സ്വാമിയും വ്യത്യസ്ത മൊഴി നല്‍കിയ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഫോറന്‍സിക് പരിശോധന
തിരുവനന്തപുരത്ത് ലൈംഗിക ലൈംഗികാതിക്രമം തടയുന്നതിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ താനാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് എന്ന മൊഴിയാണ് ഇരയായ പെണ്‍കുട്ടി പൊലീസിന് നല്‍കിയത്. ഇത് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചുവെന്നാണ് ഗംഗേശാനന്ദ തീര്‍ത്ഥ പാദ സ്വാമി ആശുപത്രി അധികൃതരോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം ഫോറന്‍സിക് അധികൃതര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തുകയാണ്.
ഇന്നലെ രാത്രി ഒരുമണിയോടെയാണ് ജനനേന്ദ്രിയം മുറിക്കപ്പെട്ട നിലയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജനനേന്ദ്രിയം 90 ശതമാനവും അറ്റുതൂങ്ങിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ ശസ്ത്രക്രിയയ്ക്കാണ് പ്രാധാന്യം നല്‍കിയത്. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ പൊലീസ് സംരക്ഷണയിലാണെങ്കിലും ഇതുവരെ ഇയാളുടെ മൊഴിയെടുത്തിട്ടില്ല.
പെണ്‍കുട്ടിയും സ്വാമിയും വ്യത്യസ്ത മൊഴി നല്‍കിയ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കൃത്യം നടത്തിയ ശേഷം പെണ്‍കുട്ടി തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതെന്നാണ് പൊലീസ് കമ്മീഷണര്‍ നല്‍കുന്ന വിവരം. പെണ്‍കുട്ടി നല്‍കിയ വിവരപ്രകാരം അമ്മയ്ക്കും ഇതില്‍ പങ്കുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
പന്മന ആശ്രമത്തിലെ ഗണേശാനന്ദ തീര്‍ത്ഥ പാദ സ്വാമി എന്ന ഹരിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമം ചെറുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശിനിയായ യുവതി മുറിച്ചത്. 54 കാരനായ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്മന ആശ്രമത്തിലെ തിരുവനന്തപുരം സെന്ററിലെ അന്തേവാസിയാണ് ഇയാള്‍. കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ നിരന്തരമായി പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു.