സമരം 20ആം ദിവസത്തില്‍; നിലപാടിലുറച്ച് വിദ്യാര്‍ഥികളും ലക്ഷ്മി നായരും
തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഇരുപതാം ദിവസത്തിലെത്തിയിട്ടും പ്രശ്നപരിഹാരം അകലെ നില്‍ക്കുന്നു.
തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഇരുപതാം ദിവസത്തിലെത്തിയിട്ടും പ്രശ്നപരിഹാരം അകലെ നില്‍ക്കുന്നു. രാജി വെക്കില്ലെന്ന് പ്രിന്‍സിപ്പളും രാജിവെക്കണമെന്ന നിലപാടില്‍ വിദ്യാര്‍ത്ഥികളും ഉറച്ച് നില്‍ക്കുകയാണ്. പ്രശ്നപരിഹാരത്തിന് സിപിഎം മുന്നിട്ടിറങ്ങിയെങ്കിലും മാനേജ്മെന്റ് വിട്ടുവീഴ്ച ചെയ്യാത്തതിനാല്‍ ഇനി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്ത് നടപടിയുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സര്‍ക്കാര്‍ മാനേജ്മെന്റിന് മുന്‍പില്‍ വെച്ചിരിക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല ലക്ഷ്മി നായര്‍ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് മാറി നില്‍ക്കട്ടേയെന്നാണ്. താത്ക്കാലികമായി രാജിവെക്കണോ അവധിയെടുത്ത് പോവണോയെന്ന കാര്യത്തില്‍ മാനേജ്മെന്റിന് തീരുമാനമെടുക്കാമെന്നും നിര്‍ദ്ദേശിച്ചു. പക്ഷെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നാണ് ലക്ഷ്മി നായരുടെ നിലപാട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടിയാണ് നിര്‍ണ്ണായകം .സമരം കടുപ്പിക്കാനാണ് എല്ലാം വിദ്യാര്‍ത്ഥി സംഘടനകളുടേയും തീരുമാനം. രാജിയില്ലാതെ പിന്നോട്ടില്ലെന്ന് എസ്എഫ്ഐയും ആവര്‍ത്തിച്ച് പറയുന്നുണ്ട്.
ഇതിനിടെ രണ്ട് ദിവസത്തേക്ക് തുടങ്ങിയ സത്യാഗ്രഹ സമരം അനിശ്ചിതകാലത്തേക്ക് തുടരാന്‍ എഐവൈഎഫും തീരുമാനിച്ചു. സിപിഐ നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് തീരുമാനം. ബിജെപി നേതാവ് വി മുരളീധരന്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലെത്തി.