മൂന്നാറില്‍ പ്രത്യേക കെട്ടിട നിര്‍മാണ ചട്ടം വേണമെന്ന് രമേശ് ചെന്നിത്തല
ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്റെ കൈവശമുള്ള ഭൂമി കെ എസ് ഇ ബിയുടേതെന്നും ചെന്നിത്തല.
ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്റെ കൈവശമുള്ള ഭൂമി കെ എസ് ഇ ബിയുടേതെന്ന് രമേശ് ചെന്നിത്തല. ഇതിനെക്കുറിച്ച് റവന്യൂ സെക്രട്ടറി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മൂന്നാറിലെ കയ്യേറ്റം തടയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് എം എല്‍ എയുടെയും ഏരിയാ സെക്രട്ടറിയുടെയും കയ്യേറ്റം ഒഴിപ്പിക്കുകയാണെന്നും ചെന്നിത്തല മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം പറഞ്ഞു.
മൂന്നാറില്‍ പ്രത്യേക കെട്ടിട നിര്‍മാണ ചട്ടം വേണമെന്നുംപ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് അനുകൂലമാണ്.
മൂന്നാറിലെ അവസ്ഥയെക്കുറിച്ച് നാളെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പള്ളിവാസല്‍, ലക്ഷ്മി എസ്റ്റേറ്റ്, ചിന്നക്കനാല്‍ എന്നീ പ്രദേശങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.
ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സന്ദര്‍ശിച്ചിരുന്നു. സിപിഎം ആണ് കയ്യേറ്റക്കാര്‍ക്ക് സഹായം ചെയ്യുന്നതെന്ന ആരോപണം ഇതിനോടകം കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചതോടെ മൂന്നാര്‍ കയ്യേറ്റത്തിന് പുതിയ രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്.
ദേവികുളം സബ്കളക്ടറെ മാറ്റണമെന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐ തള്ളുകയും കളക്ടര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തത് ജില്ലയിലെ സിപിഎം - സിപിഐ പോര് രൂക്ഷമാകാനും കാരണമായിട്ടുണ്ട്.