വീടിനുള്ളില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം: പ്രതി മകന്‍ തന്നെയെന്ന് പൊലീസ്
വിരമിച്ച ഡോക്ടറുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കത്തിച്ച നിലയിലാണ്. ഒരു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലും
തിരുവനന്തപുരം നന്തന്‍കോട് വീടിനുളളില്‍ ഒരു കുടംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി മകന്‍ തന്നെയെന്ന് പൊലീസ്. സംഭവസ്ഥലത്ത് നിന്നും ഒരു ഡമ്മി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിരമിച്ച ഡോക്ടറുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കത്തിച്ച നിലയിലാണ്. ഒരു മൃതദേഹം വെട്ടിനുറുക്കിയ നിലയിലുമാണ്. ഡോ. ജീന്‍ പത്മ, രാജതങ്കം, മകള്‍ കേഡല്‍ കരോള്‍, ബന്ധു ലളിതാമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ സെഡാലിനെ കാണാനില്ല.
അര്‍ധരാത്രിയോടെ വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും തീ കെടുത്തിയശേഷം നടത്തിയ പരിശോധനയിലാണ് നാല് പേരെ മരിച്ച നിലയില്‍ കണ്ടത്. അതേസമയം മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കൊല നടത്തിയ ശേഷം വീടിന് തീവെയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.
തീ ഉയരുന്ന സമയത്ത് സെഡാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സെഡാലിനായി പൊലീസ് തെരച്ചില്‍ തുടങ്ങി.