മുണ്ടക്കൈയിൽ അവഗണന; വയനാട്ടിൽ നാളെ യുഡിഎഫ്-എൽഡിഎഫ് ഹർത്താൽ
രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ സർക്കാർ അവഗണനകൾക്കെതിരെ വയനാട്ടിൽ നാളെ യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. കേന്ദ്ര അവഗണനയ്‌ക്കെതിരെയാണ് എൽഡിഎഫ് പ്രതിഷേധം. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
മുണ്ടക്കൈ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചത്. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകിയത്. ആഗസ്റ്റ് രണ്ടിനായിരുന്നു കെ.വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നാണു കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയത്. എസ്ഡിആർഎഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിന് ആവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകേണ്ടതെന്നും കത്തിലുണ്ട്.
Summary: UDF, LDF to observe hartal in Wayanad tomorrow against government negligence in Mundakkai-Chooralmala landslide disaster