ജനറിക് മരുന്നുകള്‍ കുറിക്കുന്നില്‍ ഡോക്ടര്‍മാരുടെ അലംഭാവം
മെഡിക്കല്‍ കൌണ്‍സിലിന്‍റെയും സര്‍ക്കാരിന്‍റെയും ആവര്‍ത്തിച്ചുള്ള നിര്‍ദേശമുണ്ടായിട്ടും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പോലും മരുന്നുകളുടെ ജനറിക് പേരുകള്‍ കുറിക്കാന്‍ തയാറാകുന്നില്ല
ജനറിക് മരുന്നുകള്‍ കുറിക്കുന്നില്‍ ഡോക്ടര്‍മാരുടെ അലംഭാവം തുടരുന്നു. മെഡിക്കല്‍ കൌണ്‍സിലിന്‍റെയും സര്‍ക്കാരിന്‍റെയും ആവര്‍ത്തിച്ചുള്ള നിര്‍ദേശമുണ്ടായിട്ടും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പോലും മരുന്നുകളുടെ ജനറിക് പേരുകള്‍ കുറിക്കാന്‍ തയാറാകുന്നില്ല. ജന്‍ ഔഷധി സ്റ്റോറുകള്‍ ഉപയോഗപ്പെടുന്നതിനും ഇത് തടസമാകുന്നു. മരുന്നുകളുടെ ഗുണനിലവാര പരിശോധന ഉറപ്പാക്കാതെ ജനറിക് പേരുകളിലേക്ക് മാറുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
ഈ വര്‍ഷം മാര്‍ച്ചില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ മരുന്നുകുറിപ്പുകളാണിത്. ആരോഗ്യ സെക്രട്ടറിക്ക് മുന്നില്‍ വന്ന പരാതിയുടെ ഭാഗമായെത്തിയ ഈ കുറിപ്പുകളില്‍ ഒന്നില്‍പോലും മരുന്നുകളുടെ ജനറിക് പേരുകളില്ല. ബ്രാന്‍ഡഡ് പേരുകള്‍ മാത്രം. മരുന്നിന്‍റെ ജനറിക് പേരുകള്‍ മാത്രം എഴുതണമെന്നാണ് മെഡിക്കല്‍ എത്തിക്സും ചട്ടങ്ങളും മെഡിക്കല്‍ കൌണ്‍സിലും ആവശ്യപ്പെടുന്നത്. നിയമസഭാ സമിതിയും മനുഷ്യാവകാശ കമ്മിഷനും എല്ലാം പല ഘട്ടങ്ങളിലായി ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ഫലമില്ലെന്ന് തെളിയിക്കുന്നതാണ് ആദ്യം കണ്ട കുറിപ്പടികള്‍. പത്തിരിട്ടിവരെ ഇരട്ടി വിലക്ക് മരുന്നുകള്‍ വാങ്ങേണ്ടിവരുന്നുവെന്നതാണ് ഇതിന്‍റെ ഫലം.
അവശ്യ മരുന്നുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ജന്‍ഔഷധി സ്റ്റോറുകളിലും ജനറിക് മരുന്നുകളാണുള്ളത്. ഡോക്ടര്‍മാര്‍ ജനറിക് പേരുകള്‍ എഴുതാത്തത് ജന്‍ഔഷധിയുടെ പ്രയോജനം ലഭിക്കാതിരിക്കാനും കാരണമാകുന്നു. എന്നാല്‍ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും ജനറിക് പേരുകള്‍ ഗുണനിലവാരമുള്ള മരുന്ന ലഭ്യമാകുമോ എന്ന ആശങ്ക ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നു. മാത്രമല്ല മരുന്നിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച വിശ്വാസവും ചില ബ്രാന്‍ഡുകള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നതായി പറയുന്ന ഡോക്ടര്‍മാരുണ്ട്.