റവന്യൂ വകുപ്പ് വിലകൊടുത്തു വാങ്ങിയ ഭൂമി വനവല്‍ക്കരണത്തിന് യോജിച്ചതല്ലെന്ന് വനം വകുപ്പ്

Update: 2018-05-28 21:21 GMT
Editor : Subin
Advertising

ഒരു വര്‍ഷം മുമ്പ് മണ്ണാര്‍ക്കാട് ഡിഎഫ്ഒ നല്‍കിയ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണ്ണിന് ലഭിച്ചു

കഞ്ചിക്കോട് ഐഐടിക്കായി വനഭൂമി ഏറ്റെടുത്തതിന് പകരം നല്‍കാനായി റവന്യൂ വകുപ്പ് വിലകൊടുത്തു വാങ്ങിയ ഭൂമി വനവല്‍ക്കരണത്തിന് യോജിച്ചതല്ലെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ഈ ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ ജോയിന്റ് സര്‍വേ നടത്തി നിക്ഷിപ്ത വനമല്ലെന്ന് ഉറപ്പുവരുത്തണമെന്ന വനം വകുപ്പിന്റെ നിര്‍ദേശം മറികടന്നാണ് ഭൂമി വിലകൊടുത്തു വാങ്ങിയത്. ഒരു വര്‍ഷം മുമ്പ് മണ്ണാര്‍ക്കാട് ഡിഎഫ്ഒ നല്‍കിയ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണ്ണിന് ലഭിച്ചു.

Full View

ഷോളയൂര്‍, കോട്ടത്തറ, പാടവയല്‍ എന്നീ വില്ലേജുകളില്‍ ആറിടങ്ങളിലുള്ള ഭൂമി വനവല്‍ക്കരണത്തിന് അനുയോജ്യമാണോയെന്നാണ് വനം വകുപ്പ് പരിശോധിച്ചത്. ആറിടങ്ങളിലെയും ഭൂമി വനവല്‍ക്കരണത്തിന് അനുയോജ്യമല്ല എന്ന റിപ്പോര്‍ട്ടാണ് അന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ നല്‍കിയത്. ഇപ്പോള്‍ സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങിയ ഷോളയൂര്‍ വില്ലേജിലെ അണക്കാട് മലയിലുള്ള ഭൂമിയില്‍ ചെറുസസ്യങ്ങള്‍ പോലും വളരില്ലെന്നിരിക്കെ വനവല്‍ക്കരണത്തിന് യോജ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, നിക്ഷിപ്ത വനത്താല്‍ ചുറ്റപ്പെട്ട ഈ ഭാഗം വനഭൂമി തന്നെയാവാനുള്ള സാധ്യതയുള്ളതിനാല്‍ റവന്യൂ വകുപ്പുമായി ചേര്‍ന്ന് സര്‍വേ ആവശ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അത്തരത്തില്‍ ജോയിന്റ് വെരിഫിക്കേഷനോ സര്‍വേയോ കൂടാതെയാണ് ഇപ്പോള്‍ ഭൂമി വിലക്ക് വാങ്ങിയിരിക്കുന്നത്. വനവല്‍ക്കരണത്തിന് ഭൂമി വിലക്ക് വാങ്ങേണ്ടെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം മറികടന്നാണ് ഭൂമി വാങ്ങിയിട്ടുള്ളത്. വെരിഫിക്കേഷന് വേണ്ടി റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടിയ കോട്ടത്തറ വില്ലേജിലെ സര്‍വേ നന്പര്‍ 762ല്‍ പെട്ട ഭൂമി നിക്ഷിപ്ത വനമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

വനഭൂമി തന്നെ സര്‍ക്കാരിനെ കൊണ്ട് വില കൊടുത്ത് വാങ്ങാനുള്ള ശ്രമം നടന്നുവെന്ന് ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട് തന്നെ ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഭൂമിവാങ്ങള്‍ സംബന്ധിച്ച് വനം മന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മണ്ണാര്‍ക്കാട് ഡിഎഫ്ഒ സമര്‍പ്പിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News