സംഘപരിവാരം നേട്ടം കൊയ്യും; കോണ്‍ഗ്രസ് സഹകരണത്തിനെതിരെ കേരള ഘടകത്തിന്‍റെ വാദമിങ്ങനെ..
കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ നിലപാടിന് അംഗീകാരം ലഭിച്ചാല്‍ സംസ്ഥാനത്ത് അത് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് കേരള നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്.
തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം പാര്‍ട്ടി കേരള ഘടകത്തിന്‍റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ നിലപാടിന് അംഗീകാരം ലഭിച്ചാല്‍ സംസ്ഥാനത്ത് അത് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് കേരള നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. സംസ്ഥാന ഘടകത്തില്‍ യെച്ചൂരിയെ പിന്തുണക്കുന്ന ശബ്ദം വി എസ് അച്യുതാനന്ദനില്‍ മാത്രം ഒതുങ്ങി നിന്നതും കാരാട്ട് പക്ഷത്തിന് ഗുണമായി.
ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാൻ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ നിലപാടിനെ ആദ്യം മുതല്‍ കടുത്ത രീതിയില്‍ എതിര്‍ത്തത് സിപിഎമ്മിന്‍റെ കേരള ഘടകമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസാണ് മുഖ്യ എതിരാളി. അങ്ങനെയിരിക്കെ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ സംസ്ഥാനത്ത് അത് തിരിച്ചടിയുണ്ടാകുമെന്നതാണ് യെച്ചൂരിയെ എതിര്‍ക്കാന്‍ മുഖ്യ കാരണമായി കേരള നേതാക്കള്‍ പറയുന്ന ന്യായം. സംസ്ഥാനത്ത് ബിജെപി വളര്‍ന്ന് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ അത് വലിയ പ്രചരണ വിഷയമാക്കി സംഘപരിവാര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുമെന്ന ആശങ്കയും പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കാരാട്ടിനെ മുന്നില്‍ നിര്‍ത്തി യെച്ചൂരിയുടെ നിലപാടിനെ തള്ളാന്‍ കേരള ഘടകം കരുക്കള്‍ നീക്കിയത്.
പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ ഘടകമായ കേരളത്തിന്‍റെ എതിര്‍പ്പ് മറികടന്ന് തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വത്തിന് കഴിയാത്ത സാഹചര്യം കാരാട്ടിനും കേരള ഘടകത്തിനും ഗുണമായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ദയനീയമായ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ബംഗാള്‍ ഘടകത്തിന്‍റെ സമ്മര്‍ദ്ദം വിലപ്പോയതുമില്ല. ചുരുക്കത്തില്‍ കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന സിസി തീരുമാനം കാരാട്ടിന്‍റെ വിജയമായി കാണുന്നതിനപ്പുറം സിപിഎം കേരള ഘടകത്തിന്‍റെ വിജയമായി വിലയിരുത്തുന്നതാണ് നല്ലത്. തര്‍ക്കം പൂര്‍ണ്ണമായും തീരാത്ത സാഹചര്യത്തില്‍ ഏപ്രിലില്‍ ഹൈദരബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും കോണ്‍ഗ്രസുമായുള്ള സഹകരണം തന്നെയാകും പ്രധാന ചര്‍ച്ചയാവുക.