പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: പിഴയടക്കാത്തവര്‍ക്ക് പിടി വീഴുന്നു
വാഹനം പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പില്‍ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് നല്‍കിയിട്ടും പിഴയൊടുക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ടി ഒ മാര്‍ക്ക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 30 ന് മുമ്പ് പിഴയൊടുക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നിയമനടപടികള്‍ ആരംഭിക്കും.
പോണ്ടിച്ചേരി, മാഹി തുടങ്ങിയ സ്ഥലങ്ങളില്‍ രജിസ്ട്രേഷന്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ 2000 ഓളം വാഹനങ്ങളാണ് കേരളത്തിലെ നിരത്തുകളില്‍ ഓടുന്നത്. ഇവര്‍ക്ക് പിഴയടച്ച് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏപ്രില്‍ 30 വരെ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ആംനസ്റ്റി പ്രഖ്യാപിച്ച ശേഷവും നികുതിയടവില്‍ വര്‍ധനയുണ്ടായില്ല. ഇതുവരെ 200 ഓളം പേര്‍ മാത്രമാണ് നികുതിയടച്ചത്. ഇതിലൂടെ പിഴയായി ലഭിച്ചത് ആകെ 15 കോടി രൂപ. ഇതേത്തുടര്‍ന്ന് 15 ദിവസം മുമ്പ് വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഇതുകൊണ്ടും ഫലം കാണാത്തതിനെത്തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.
ഇന്നലെ ആര്‍ ടി ഒമാരുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുകയും ഇത് സംബന്ധിച്ച നിര്‍ദേശം കൈമാറുകയും ചെയ്തു. പിഴയൊടുക്കാത്ത വാഹനങ്ങള്‍ നിരത്തുകളില്‍ കണ്ടാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം. ഇത് നികുതിയടവില്‍ പ്രതിഫലിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഏപ്രില്‍ 30 ന് ശേഷം നികുതിയടക്കാത്ത വാഹനങ്ങളുടെ വിവരങ്ങളും അവര്‍ക്ക് നല്‍കിയ നോട്ടീസുള്‍പ്പെടെ പൊലീസിന് കൈമാറും. എഫ് ഐ ആര്‍ ഇട്ട് വാഹനങ്ങള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികളിലേക്കും കടക്കും.