ജിഷയുടെ വീട് ഗൃഹപ്രവേശത്തിനൊരുങ്ങുന്നു
ജൂലൈ ഒന്‍പതിന് വീട്ടില്‍ പ്രവേശിക്കാന്‍ തക്ക രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
ജിഷയുടെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വീട് ഈ മാസം പൂര്‍ത്തിയാകും. ജൂലൈ ഒന്‍പതിന് വീട്ടില്‍ പ്രവേശിക്കാന്‍ തക്ക രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
രണ്ട് കിടപ്പുമുറികളും അടുക്കളയും ഭക്ഷണമുറിയുമുള്ള വീടാണ് പെരുമ്പാവൂര്‍ മുടക്കുഴിയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്നത്. നിലത്ത് ടൈല്‍ വിരിക്കാനും പെയിന്റിങ്ങും മാത്രമാണ് ഇനിയുള്ള പണികള്‍. നേരത്തെ ലഭിച്ച അഞ്ച് സെന്റ് ഭൂമിക്ക് പുറമെ ഒരു സെന്റ് കൂടി സര്‍ക്കാര്‍ വാങ്ങിയാണ് വീടിന്റെ നിര്‍മ്മാണം നടത്തിയത്. സ്ഥലത്തിന്റെ നാല് വശവും കരിങ്കല്ല് കെട്ടുന്ന ജോലിയും പുരോഗമിക്കുകയാണ്. അടുത്ത മാസം പുതിയ വീട്ടിലേക്ക് ജിഷയുടെ അമ്മക്ക് താമസിക്കാന്‍ കഴിയും. ആ സമയത്ത് വേദനിക്കുന്ന ഓര്‍മ്മയായി ജിഷയും.
നിര്‍മ്മിതി കേന്ദ്രക്കാണ് വീട് പണിയുടെ ചുമതല. ഒപ്പം കലക്ട്രറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ജിഷക്കും അമ്മക്കും അനുവദിച്ച വീടിന്റെ നിര്‍മ്മാണം ജിഷയുടെ മരണത്തിന് ശേഷം കഴിഞ്ഞ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ 45 ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു.