മൂന്നാറിനെച്ചൊല്ലി വിഎസ്സും ഇടുക്കി നേതൃത്വവും പോരിലേക്ക്

Update: 2018-05-29 11:20 GMT
Editor : admin
Advertising

പ്രതികരിക്കാതെ പാർട്ടി നേതൃത്വം,വിഎസ്സിനെതിരെ എംഎം മണിയും രാജേന്ദ്രനും


മൂന്നാർ കയ്യേറ്റത്തെ ചൊല്ലി ഇടുക്കിയിലെ സിപിഎം നേതൃത്വവും വിഎസ് അച്യുതാനന്ദനും തമ്മിൽ വീണ്ടും തുറന്നപോരിലേക്ക്. തനിക്കെതിരെ അജണ്ടയനുസരിച്ചാണ് വിഎസ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു. എഎസ് രാജേന്ദ്രൻ എംഎൽഎയും വിഎസ്സിനെതിരെ രംഗത്തെത്തി.

Full View

മൂന്നാറിനെ ചൊല്ലിയുള്ള ഇരുപക്ഷത്തിൻറേയും പരസ്യനിലപാടുകൾ പാർട്ടി സംസ്ഥാന നേതൃത്വത്തേയും പ്രതിസന്ധിയിലാക്കുകയാണ്. മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ച് വിഎസ് നടത്തിയ വാർത്താസമ്മേളനത്തിനിടെ എംഎം മണിക്കും എസ് രാജേന്ദ്രനുമെതിരെ നടത്തിയ ഭൂമാഫിയ പരാമർശങ്ങളാണ് ഇരുകൂട്ടരും തമ്മിലുള്ള പരസ്യപോരിന് വഴിവെച്ചത്. കയ്യേറ്റങ്ങളുണ്ടെന്ന വിഎസ്സിൻറെ വാദത്തെ എതിർത്ത എംഎം മണി മൂന്നാറിൽ കയ്യേറ്റമേയില്ലെന്ന് പറഞ്ഞു. തനിക്കെതിരെ അജണ്ടവെച്ചാണ് വി എസ് പെരുമാറുന്നതെന്നും മണി പ്രതികരിച്ചു.

അതേസമയം സുരേഷ്കുമാർ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് പ്രായമായ വിഎസ് തന്നെ ഭൂമാഫിയയുടെ ആളായി ചിത്രീകരിച്ചതെന്നായിരുന്നു രാജേന്ദ്രൻറെ പ്രതികരണം. സംഭവത്തിൽ വിഎസ്സിനെതിരെ ഇതുവരേയും പരസ്യമായി പ്രതികരിച്ചിരിക്കുന്നത് ഇടുക്കിയിൽ നിന്നുള്ള നേതാക്കൾ മാത്രമാണ്. കയ്യേറ്റം അനുവദിക്കില്ലയെന്നതാണ് സർക്കാർ നയമെന്ന ഒഴുക്കൻ പ്രതികരണം മാത്രമാണ് ഇതുവരേയും സംസ്ഥാന നേതൃത്വത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വിഎസ്സിൻറെ നിലപാടിനെ പരസ്യമായി പിന്തുണച്ച് മണിയെ എതിർക്കാനോ കയ്യേറ്റത്തിൻറെ കാര്യത്തിൽ വി എസിന് തള്ളാനോ പറ്റാത്ത അവസ്ഥയിലാണ് പാർട്ടിയിപ്പോൾ. വിഎസ് മൂന്നാറിലേക്ക് പോവുകയാണെങ്കിൽ അത് പാർട്ടിയെ കൂടുതൽ വെട്ടിലാക്കുമെന്നും നേതൃത്വത്തിനറിയാം. ഇരുകൂട്ടരും തമ്മിലുള്ള പോര് രൂക്ഷമായതോടെ പാർട്ടിക്ക് വൈകാതെ മൌനം വെടിയേണ്ടിവരുമെന്നുറപ്പാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News