എംജിയില്‍ പ്ലാന്റ്സ് സയന്‍സ് നിര്‍ത്തലാക്കുന്നു
സര്‍വകലാശാലയുടെ നിഷേധാത്മക സമീപനമാണ് സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഗവേഷണവും സാധ്യമായിരുന്ന സെന്റര്‍ അടച്ചുപൂട്ടലിലേക്ക് എത്തിച്ചതെന്നാണ് ആരോപണം
എം.ജി സര്‍വകലാശാലയുടെ കീഴിലെ നാഷണല്‍ പ്ലാന്റ്‌സ് സയന്‍സ് ടെക്‌നോളജി വിഭാഗം അടച്ചു പൂട്ടുന്നു. സര്‍വകലാശാലയുടെ നിഷേധാത്മക സമീപനമാണ് സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഗവേഷണവും സാധ്യമായിരുന്ന സെന്റര്‍ അടച്ചുപൂട്ടലിലേക്ക് എത്തിച്ചതെന്നാണ് ആരോപണം. ദേശീയ തലത്തില്‍ പ്രവേശ പരീക്ഷ നടത്തി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്ന പഠനവിഭാഗത്തിന്റെ പ്രവര്‍ത്തനമാണ് നിലക്കുന്നത്. സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഗവേഷണവും ഉള്‍പ്പെടുത്തി സംയോജിത പാഠ്യ പദ്ധതിയായിട്ടായിരുന്നു പ്ലാന്റ്സ് സയന്‍സ് എംജി സര്‍വ്വകലാശായില്‍ നടത്തിയിരുന്നത്. ഇതിനായി ഒരു കോടിയിലേറെ രൂപ മുടക്കി അത്യാധുനിക ലാബ് സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷമായി വിദ്യാര്‍ത്ഥീ പ്രവേശനവും അധ്യാപക -അനധ്യാപക തസ്തികളിലേയ്ക്ക് നിയമനവും ഇവിടെ നടക്കുന്നില്ല. ഇതാണ് അടച്ച് പൂട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഇതോടെ അദ്യ ബാച്ചില്‍ എം.എസ്.സി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ഗവേഷണവും മുടങ്ങിയിരിക്കുയാണ്. രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥി പ്രവേശം മുടങ്ങിയതോടെ സെന്റര്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്. കരാര്‍ ജീവനക്കരുടെ കരാര്‍ പുതുക്കുന്നതിനും സര്‍വകലശാല തയ്യാറായിട്ടില്ല. അതിനിടെ കോഴ്‌സിന്റെ പേര് മാറ്റി പ്രവേശം നടത്താമെന്ന സിന്‍ഡിക്കേറ്റ് തീരുമാനവും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. നാഷണല്‍ പ്ലാന്റ് സയന്‍സ് ടെക്‌നോളജി വിഭാഗത്തെ നിലനിര്‍ത്തുന്നതിനായി സര്‍വകലാശാല അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.