വൈക്കം മുഹമ്മദ് ബഷീര് ചെയര്‍ പ്രവര്‍ത്തനം നിലച്ചു
ഓണറേറിയം പോലും നല്‍കാന്‍ തയ്യാറാകാത്ത സര്‍വകലാശാല അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ എം എം ബഷീര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ രാജി വെച്ചു...
കാലിക്കറ്റ് സര്‍വകലാശാലയിലെ വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ പ്രവര്‍ത്തനം നിലച്ചു. ഓണറേറിയം പോലും നല്‍കാന്‍ തയ്യാറാകാത്ത സര്‍വകലാശാല അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ എം എം ബഷീര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ രാജി വെച്ചു. ഇതോടെ ബഷീര്‍ മ്യൂസിയം അടക്കമുള്ള പദ്ധതികളും അനിശ്ചിതത്വത്തിലായി.
2008ല്‍ ഇടതു സര്‍ക്കാരിന്റെകാലത്താണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈക്കം മുഹമ്മദ് ബഷീര് ചെയര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഡോക്ടര്‍ എം എം ബഷീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ വിസിറ്റിംഗ് പ്രൊഫസറായി നിയമിച്ചായിരുന്നു പ്രവര്‍ത്തനം. എം അബ്ദുള്‍ സലാം വൈസ് ചാന്‍സലറായിരുന്ന കാലത്ത് ഏഴു ലക്ഷം രൂപ ചെയറിനായി അനുവദിച്ചിരുന്നു.ബഷീര്‍ നിഘണ്ടു നിര്‍മാണം, ബഷീര്‍ മ്യൂസിയത്തിന്റെ രൂപകല്‍പ്പന തുടങ്ങിയ ചുമതലകളും ചെയറിനെ വി സി ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പുതിയ ഭരണസമിതിക്കു കീഴില്‍ കടുത്ത അവഗണന നേരിട്ടതോടെയാണ് ചെയറിലെ അംഗങ്ങള്‍ രാജി വെക്കാന്‍ തീരുമാനിച്ചത്. സിന്റിക്കേറ്റ് ഉപസമിതി ബഷീര്‍ ചെയറിന് ആവശ്യമായ പണം നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഓണറേറിയം പോലും ലഭിക്കാതായതോടെയാണ് അംഗങ്ങള്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
ഓണററി പ്രൊഫസര്‍ ഡോക്ടര്‍ എന്‍ ഗോപിനാഥന്‍, മാനുസ്‌ക്രിപ്റ്റ് കീപ്പര്‍ കെ വേലായുധന്‍ എന്നിവരും രാജി സമര്‍പ്പിച്ചിട്ടുണ്ട്. ബഷീര്‍ നിഘണ്ടുവിന്റെ എഡിറ്റ് ചെയ്യപ്പെടാത്ത കോപ്പി പുസ്തകരൂപത്തില്‍ സര്‍വകലാശാലയെ ഏല്‍പ്പിക്കാനാണ് തീരുമാനം.