എകെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക
മന്ത്രി വസതിയില്‍ വെച്ച് ഉപദ്രവിച്ചിട്ടില്ലെന്നും ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മൊഴി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
മുന്‍ ഗതാഗമന്ത്രി എകെ ശശീന്ദ്രനെതിരായ കേസില്‍ മലക്കം മറിഞ്ഞ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക.എകെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് സിജെഎം കോടതിയില്‍ യുവതി മൊഴി നല്‍കി. പരാതി പിന്‍വലിക്കാന്‍ ഇടക്ക് ഹര്‍ജി നല്‍കിയിരുന്നെങ്കിലും പിന്നീട് പരാതിയുണ്ടന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി കേസ് ഇന്ന് പരിഗണിച്ചത്.
ഫോണ്‍ കെണി വിവാദത്തില്‍ മംഗളം ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികളായതോടെയാണ് എകെ ശശീന്ദ്രനെതിരെ മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. മന്ത്രി വസതിയില്‍ വെച്ച് ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു പ്രധാന ആക്ഷേപം.നിരന്തരം ഫോണില്‍ വിളിച്ച് അശ്ശീലം സംസാരിച്ച് ശല്യപ്പെടുത്തിയിരുന്നെന്നും പരാതിയില്‍ ഉണ്ടായിരുന്നു. പിന്നീട് യുവതി നിലപാട് മാറ്റി.
എകെ ശശീന്ദ്രനെതിരായ ഹര്‍ജി പിന്‍വലിക്കുകയാണന്ന് കോടതിയെ അറിയിച്ചു. കോടതി ഇതിന്മേല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനിടെ യുവതി മുന്‍ നിലപാടില്‍ നിന്ന് മാറി പരാതിയുണ്ടന്ന് കോടതിയെ വീണ്ടും അറിയിച്ചു. അതേതുടര്‍ന്നാണ് കേസ് ഇന്ന് പരിഗണിച്ചത്.പക്ഷെ എകെ ശശീന്ദ്രന്‍ മന്ത്രി വസതിയില്‍വെച്ച് ഉപദ്രവിച്ചിട്ടില്ലെന്ന മൊഴിയാണ് യുവതി കോടതിക്ക് നല്‍കിയത്. ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞത് എകെ ശശീന്ദ്രന്‍ ആണോയെന്ന് ഉറപ്പില്ലന്നും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എംഎല്‍എക്കെതിരെ പരാതിയില്ലന്ന് അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ കോടതി ഈ മാസം 27ന് വിധിപറയും.എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രി സഭയിലേക്കുള്ള തിരിച്ച് വരവ് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിക്കാനാണ് സാധ്യത.