ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്ന് ഇനി വൈദ്യുതിയും

Update: 2018-05-29 13:52 GMT
Editor : admin
ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്ന് ഇനി വൈദ്യുതിയും
Advertising

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥാപിച്ച റൂഫ് ടോപ്പ് സോളാര്‍ പാനല്‍ വഴി ഇനി മുതല്‍ 440 കെവി വൈദ്യുതി കേരളത്തിനു ലഭിയ്ക്കും

Full View

ഊര്‍ജ പ്രതിസന്ധി നേരിടുന്ന കേരളത്തിന് സോളാറില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിച്ച് മാതൃകയാവുകയാണ് വൈദ്യുത ബോര്‍ഡ്. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥാപിച്ച റൂഫ് ടോപ്പ് സോളാര്‍ പാനല്‍ വഴി ഇനി മുതല്‍ 440 കെവി വൈദ്യുതി കേരളത്തിനു ലഭിയ്ക്കും. കഴിഞ്ഞ ദിവസമാണ് പദ്ധതിയുടെ ആദ്യഘട്ട പരിശോധന വിജയകരമായി കഴിഞ്ഞത്.

കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതിയുടെ ഭാഗമാണ് ബാണാസുരസാഗര്‍ അണക്കെട്ട്. കൂടാതെ, മികച്ച രീതിയില്‍ വിനോദ സഞ്ചാരവും നടത്തി വരുന്നു. സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായതോടെയാണ് പാരമ്പര്യേതര ഊര്‍ജത്തില്‍ നിന്നുള്ള വൈദ്യതി ഉത്പാദനത്തെ കുറിച്ച് കെഎസ്ഇബി ആലോചിച്ചു തുടങ്ങിയത്. ഇതാണ് കേരളത്തിലെ ആദ്യത്തെ റൂഫ് ടോപ്പ് സോളാര്‍ പദ്ധതിയുടെ പിറവിയ്ക്കു കാരണമായതും. ഫെബ്രുവരിയില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തികള്‍ മെയ് മാസം അവസാനം പൂര്‍ത്തിയായി. അണക്കെട്ടിലെ 685 മീറ്റര്‍ നീളം വരുന്ന റോഡിനു മുകളില്‍ മേല്‍കൂരയുടെ മാതൃകയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു. തുടര്‍ന്ന് അനുബന്ധ ഉപകരണങ്ങളും. 440 കെവിയാണ് ഉല്‍പാദന ക്ഷമത. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ ഉത്പാദനത്തില്‍, 380 കിലോ വാട്ട് വൈദ്യതി ലഭിച്ചു.

ജലത്തില്‍ ഉയര്‍ന്നു കിടക്കുന്ന സൌരോര്‍ജ നിലയം നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ അണക്കെട്ടില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇതുവഴി 15,990 യൂണിറ്റ് വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേയ്ക്ക് പ്രതിവര്‍ഷം എത്തുന്നുണ്ട്. ഇതിനു പുറമെയാണ് 4.29 കോടി രൂപ മുടക്കി റൂഫ് ടോപ്പ് സോളാര്‍ പ്ളാന്റ് സ്ഥാപിച്ചിട്ടുള്ളത്. മികച്ച പദ്ധതിയായി കണ്ട് കേന്ദ്രസര്‍ക്കാറിന്റെ ഇന്നവേഷന്‍ പ്രൊജക്ട് അവാര്‍ഡും ഇതുവഴി കെഎസ്ഇബിയ്ക്കു ലഭിച്ചു. ഇലക്ട്രിക്കല്‍ പരിശോധനാ വിഭാഗത്തില്‍ നിന്നുള്ള അനുമതി കൂടി ലഭിച്ചു കഴിഞ്ഞാല്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News