പി വി അന്‍വറിന്‍റെ പാര്‍ക്കിന് കലക്ടറുടെ ക്ലീന്‍ചിറ്റ്
പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് അനുകൂലമായി കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്
പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് അനുകൂലമായി കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതി ലോല പ്രദേശത്തല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ റവന്യൂമന്ത്രിക്ക് കൈമാറി. പാര്‍ക്കിന്‍റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ്
ആരോഗ്യ വകുപ്പ് റദ്ദാക്കിയ സാഹചര്യത്തില്‍ വിശദീകരണം തേടി അന്‍വറിന് നോട്ടീസ് നല്‍കാന്‍ കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിച്ചു. നിയമം ലംഘിച്ചും ചട്ടവിരുദ്ധമായുമാണ് പി വി അന്‍വര്‍ എംഎല്‍എ കക്കാടംപൊയിലില്‍ പാര്‍ക്ക് നിര്‍മ്മിച്ചതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യുമന്ത്രി ജില്ലാകലക്ടറോട് ആവശ്യപ്പെട്ടത്.
പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതി ലോല പ്രദേശത്തല്ലെന്നാണ് ജില്ലാകലക്ടര്‍ യു വി ജോസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ക്കുള്ളത് കയ്യേറ്റ ഭൂമിയിലോ മിച്ചഭൂമിയിലോ അല്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാര്‍ക്കില്‍ നടന്നിട്ടില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് കൈമാറി.
പാര്‍ക്കിന് അനുകൂലമായ നിലപാടാണ് പഞ്ചായത്ത് ഉപസമിതിയും സ്വീകരിച്ചത്. പാര്‍ക്ക് പൂട്ടേണ്ട സാഹചര്യമില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ആരോഗ്യവകുപ്പ് ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ സാഹചര്യത്തില്‍ പി വി അന്‍വര്‍ എംഎല്‍എക്ക് നോട്ടീസയക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യം.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അക്കാര്യം ഉപസമിതിയുടെ പരിശോധനയുടെ പരിധിയില്‍ വന്നിട്ടില്ല. കേസിന്‍റെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കക്കാടം പൊയിലിലെ പാര്‍ക്കിലെത്തി പരിശോധന നടത്തി. പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കും.